ഇന്ന് തോറ്റാല്‍ ഏഴു വര്‍ഷത്തിനുശേഷം വിന്‍ഡീസിലൊരു ഏകദിന പരമ്പരയെന്ന സ്വപ്നം ധോണിപ്പടയ്ക്ക് പെട്ടിയിലടച്ചുവെക്കാം. പിന്നെ നാണക്കേട് ഒഴിവാക്കാന്‍ അവസാന ഏകദിനത്തില്‍ സമനിലയ്ക്കായി പോരാടാം. ജയിച്ചാല്‍ പരമ്പര ജയമെന്ന സ്വപ്നത്തിലേക്ക് ബാറ്റ് വീശാം. ആദ്യ മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ അടിച്ചു കൂട്ടിയിട്ടും നേരിയ ജയം നേടിയതും രണ്ടാം മത്സരത്തില്‍ ബാറ്റിംഗ് നിര അമ്പേ പരാജയപ്പെട്ടതും ഇന്ത്യ ഇനിയും ട്രാക്കിലായിട്ടില്ലെന്നതിന്‍റെ സൂചനയാണ്.
യുവരാജ്‌സിംഗിന്‍റെ ബാറ്റിലാണ് ഇന്ന് ഇന്ത്യന്‍ പ്രതീക്ഷ. കൂട്ടിന് നായകന്‍ ധോണിയുമുണ്ട്. ഐ പി എല്ലിലെ മിന്നുന്ന ഫോം മറന്ന രോഹിത് ശര്‍മയുടെ ബാറ്റിംഗ് ഇന്ത്യക്ക് തലവേദനയാണ്. സെന്‍റ് ലൂസിയയിലെ ബിയോസെജോര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ 20 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം നേടി. അഞ്ച് തവണ കരീബിയന്‍ മണ്ണില്‍ ഏകദിന പരമ്പര കളിച്ചിട്ടുണ്ടെങ്കിലും ഏഴ് വര്‍ഷം മുന്‍പ് ഒരു തവണ മാത്രമാണ് ഇന്ത്യയ്ക്ക് പരമ്പര നേടാനായത്.
ട്വന്‍റി - 20 ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടിലെ മൂന്ന് കളികളിലും പരാജയപ്പെട്ടതിന്‍റെ ക്ഷീണം ഇപ്പോഴും കളിക്കാര്‍ക്കുണ്ടെന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും പ്രകടനം വ്യക്തമാക്കുന്നത്. അതേസമയം രണ്ടാം ഏകദിനത്തില്‍ ജയവുമായി വിന്‍ഡീസ് ആത്മവിശ്വാസം വീണ്ടെടുത്ത് കഴിഞ്ഞു. രണ്ടാം ഏകദിനത്തില്‍ ഷോട്പിച്ച് ബൌളിംഗിലൂടെ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വെള്ളം കുടിപ്പിച്ച വിന്‍ഡീസ് ബൌളര്‍മാര്‍ അതേ തന്ത്രം ഇന്നും പയറ്റിയാല്‍ മറ്റൊരു തോല്‍വിയായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്. |