2005ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനോട് ഓസ്ട്രേലിയ അടിയറവ് പറയാന്‍ കാരണം പരിശീലകനായിരുന്ന ജോണ്‍ ബുക്കാനന്‍റെ പിടിപ്പ് കേട് മൂലമാണെന്ന് മുന്‍ ഒസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡാമിയന്‍ മാര്‍ട്ടിന്‍. മറ്റേതൊരു പരമ്പരയുമെന്നപോലെ ആഷസിനെയും കണ്ട് ടീം മാനേജ്മെന്‍റും തോല്‍വിക്ക് കാരണക്കാരായെന്ന് മാര്‍ട്ടിന്‍ കുറ്റപ്പെടുത്തി.
ബുക്കാനനെക്കുറിച്ച് ഷെയിന്‍ വോണും മക്‍ഗില്ലും പറഞ്ഞ കാര്യങ്ങളോട് അക്കാലത്തെ എല്ലാ താരങ്ങളും 99 ശതമാനവും യോജിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ശരിയായി ഒരുങ്ങാതെയാണ് അന്ന് ഞങ്ങള്‍ ആഷസിന് പോയത്. ഈ തയ്യാറെടുപ്പില്ലായ്മ തന്നെയാണ് ഓസ്ട്രേലിയയുടെ തോല്‍വിക്ക് കാരണമായ നിരവധി കാരണങ്ങളില്‍ ഒന്ന്.
എല്ലാം ഇഗ്ലണ്ടിന്‍റെ വഴിയേ നീങ്ങി. അവര്‍ അതുവരെയോ അതിന് പിന്നീടോ അത്രയും ഉജ്ജ്വലമായി കളിച്ചിട്ടേ ഇല്ലായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാം കീഴടക്കലായിരുന്നു. ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ഇന്ത്യന്‍ ഉപഭൂഖണ്ഡം അങ്ങിനെ എല്ലാം. എന്നാല്‍ ആഷസും ഇതുപ്പൊലെ മറ്റൊരു പരമ്പരയായി എടുത്തതാണ് പ്രശ്നമായത്.
ഇപ്പോഴത്തെ ടീമില്‍ ഫിലിപ്പ് ഹ്യുസിനെയും ഡേവിഡ് വാര്‍ണറെയും പോലുള്ള പുതുമുഖ താരങ്ങളില്‍ പ്രതീക്ഷകളുടെ സമ്മേര്‍ദ്ദം ഏല്‍പ്പിച്ച് അവരുടെ ഭാവി നശിപ്പിക്കരുതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. |