നവംബറില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരകളുടെ വേദി ബി സി സി ഐ പ്രഖ്യാപിച്ചു. ഏഴ് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഗുവാഹതി, ഡെല്‍ഹി, മുംബൈ മൊഹാലി, ഹൈദരാബാദ്, നാഗ്‌പൂര്‍, ജയ്പ്പൂര്‍ എന്നിവടങ്ങളിലായിരിക്കും മത്സരങ്ങള്‍.
ഇന്ന് മുംബൈയില്‍ ചേര്‍ന്ന ബി സി സി ഐയുടെ ടൂര്‍ കമ്മിറ്റിയാണ് വേദികള്‍ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനം മതിയാക്കി പാതി വഴിക്ക് മടങ്ങിയപ്പോള്‍ അവസാന രണ്ട് എകദിനങ്ങള്‍ നടക്കേണ്ടിയിരുന്ന വേദികളായിരുന്നു ഗുവാഹതിയും ഡെല്‍ഹിയും. ആക്രമണത്തെ തുടര്‍ന്ന് റദ്ദാക്കിയ രണ്ടാം ടെസ്റ്റിന് വേദിയാവേണ്ടിയിരുന്നത് മുംബൈ ആയിരുന്നു.
2009-10 ആഭ്യന്തര സീസണില്‍ ദുലീപ് ട്രോഫി മത്സരങ്ങള്‍ നോക്കൌട്ട് രീതിയില്‍ നടത്താനും മുഷ്താഖ് അലി ട്വന്‍റി-20 അന്തര്‍ സംസ്ഥാന ടൂര്‍ണമെന്‍റ് പരിഷ്കരിക്കാനും ഇന്നത്തെ യോഗം തീരുമാനിച്ചു. |