ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയ്ക്ക് മുന്നോടിയായുളള വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി മുന്‍ ഓസ്ട്രേലിയന്‍ പരിശീലകന്‍ ജോണ്‍ ബുക്കാനന്‍ ഇംഗ്ലണ്ട് പരിശീലകന്‍ ആന്‍ഡി ഫ്ലവറുമായി കൂടിക്കാഴ്ച നടത്തി. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ഇംഗ്ലണ്ടിന്‍റെ കോച്ചിംഗ് കണ്‍സള്‍ട്ടന്‍റായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് ബുക്കാനന്‍ ആന്‍ഡി ഫ്ലവറിനെ കാണുന്നത്.
ഓസ്ട്രേലിയ 5-0ന് ജയിച്ച കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഓസീസ് പരിശീലകനായിരുന്ന ബുക്കാനന്‍ പോണ്ടിംഗിന്‍റെയും സംഘത്തിന്‍റെയും പല രഹസ്യങ്ങളും ഇംഗ്ലണ്ടിന് കൈമാറിയേക്കുമെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിനിടെയാണ് ബുക്കാനന്‍റെ കൂടിക്കാഴ്ച.
ഓസ്ട്രേലിയന്‍ ടീമിനെക്കുറിച്ചുള്ള തന്‍റെ ചില വിലയിരുത്തലുകള്‍ ഫ്ലവറുമായി പങ്കുവെച്ചുവെന്ന് ബുക്കാനന്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ ടീമിന്‍റെ ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ താന്‍ മനസ്സിലാക്കിയ കാര്യങ്ങളാണ് ഫ്ലവറുമായി പങ്കുവെച്ചത്.
ഇംഗ്ലണ്ടിന്‍റെ ബെല്‍ജിയം പര്യടനത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. എല്ലാവരും സംസാരിക്കുന്നത് ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ എന്ത് തന്ത്രമായിരികും സ്വീകരിക്കുക എന്നതിനെക്കുറിച്ചാണ്. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ ആക്രമണത്തിന് നിയോഗിക്കാനായിരിക്കും ഓസ്ട്രേലിയ ശ്രമിക്കുകയെന്നാണ് താന്‍ കരുതുന്നതെന്നും ബുക്കാനന്‍ പറഞ്ഞു. |