ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുന്‍ നായകന്‍ മൈക്കല്‍ വോണിന് സഹതാരങ്ങളായ ആന്‍ഡ്ര്യു ഫ്ലിന്‍റോഫിന്‍റെയും കെവിന്‍ പീറ്റേഴ്സന്‍റെയും പ്രശംസ. വോണ്‍ നയിക്കാനായി ജനിച്ചവനാണെന്ന് ഫ്രെഡ്ഡി ഫ്ലിന്‍റോഫ് പറഞ്ഞു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ഇന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന വോണിനെ ഫ്രെഡ്ഡി പ്രശംസകൊണ്ട് മൂടി.
വോണിന് കീഴില്‍ കളിക്കാന്‍ കഴിഞ്ഞതാണ് തന്‍റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഭാഗ്യമെന്ന് ഫ്രെഡ്ഡി പറഞ്ഞു. വോണാണ് എന്നിലെ കഴിവ് മുഴുവന്‍ പുറത്തെടുത്തത്. നായകനെന്ന നിലയില്‍ വോണിനോട് ആരാധനയും ബഹുമാനവും തോന്നുന്ന പലകാരണങ്ങളുമുണ്ട്. കണക്കുകള്‍ പ്രകരവും ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച നായകനാണ് വോണ്‍.
ഇതെല്ലാം വോണിനെ ഇംഗ്ലീഷ് ക്രിക്കറ്റിലെ മഹാന്‍മാരിലൊരാളാക്കുന്നു. ആത്മസംയമനമായിരുന്നു വോണിന്‍റെ ഏറ്റവും വലിയ ശക്തി. നായകനെന്ന നിലയില്‍ എതിരാളികള്‍ എത്ര ശക്തമായ അവസഥിയിലോ തകര്‍ച്ചയിലോ ആയിക്കൊള്ളട്ടെ മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുന്ന വോണ്‍ എപ്പോഴും ആത്മനിയന്ത്രണത്തിന്‍റെ ആള്‍ രൂപമായിരിക്കും. ഇത് സഹതാരങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. ക്യാപ്റ്റനെന്ന നിലയില്‍ വോണിന്‍റെ ആത്മസംയമനം തനിക്ക് ഇല്ലായിരുന്നുവെന്നും ഫ്രെഡ്ഡി പറഞ്ഞു.
നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മൈക്കല്‍ വോണ്‍ തനിക്ക് ഏറെ വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്സണ്‍ അനുസ്മരിച്ചു. |