ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും സുന്ദരനായ ബാച്ചിലര്‍ ഇര്‍ഫാന്‍ പത്താനെ സ്വപ്നം കണ്ട് കഴിയുന്ന സുന്ദരികള്‍ക്ക് ഒരു ദു:ഖവാര്‍ത്ത. പത്താന്‍റെ ബാച്ചിലര്‍ ഇന്നിംഗ്‌സ് അവസാനിക്കുകയാണ്. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞനായ വീരേന്ദ്രദേവിന്‍റെ മകള്‍ ശിവാംഗിദേവ് ആണ് പത്താനെ സ്വന്തം ബൌളിംഗില്‍ പിടികൂടിയിരിക്കുന്നത്. ആറു വര്‍ഷം മുന്‍പ് ഓസ്ട്രേലിയയിലെ കാന്‍ബറയില്‍ വെച്ചാണ് ഇരുവരും പ്രണയത്തിന്‍റെ ഇന്നിംഗ്സ് തുടങ്ങിയത്.
ഓസ്ട്രേലിയയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന ശിവാംഗി ഒരു പ്രഫഷണല്‍ നര്‍ത്തകി കൂടിയാണ്. ശിവാംഗി നടത്തുന്ന നൃത്ത വിദ്യാലയത്തിലെ സന്ദര്‍ശകനുമായിരുന്നു ഇര്‍ഫാന്‍. ആറുവര്‍ഷം നീണ്ട പ്രണയം സഫലമാകുന്നത് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ്. ശിവാംഗിയും തന്റെ വീട്ടില്‍ രണ്ടുതവണ വന്നിരുന്നതായും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും 'ബറോഡ ബോംബര്‍‘ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇര്‍ഫാന്‍ പറഞ്ഞു.
ഇര്‍ഫാന്റെ ജന്‍മനാടായ ബറോഡയിലാണു വിവാഹ പന്തലൊരുങ്ങുന്നത്. പരമ്പരാഗത രീതിയിലായിരിക്കും വിവാഹമെന്ന് ഇര്‍ഫാന്‍ അറിയിച്ചു. ദീര്‍ഘനാളായി ഇരുവരും രഹസ്യമാക്കി വച്ചിരുന്ന പ്രണയം പുറത്തറിയുന്നത് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ്. അഡലെയ്‌ഡ് ഓവലില്‍ മത്സരങ്ങള്‍ക്കിടയില്‍ 2003 ലായിരുന്നു ഇരുവരും ആദ്യം കണ്ട് മുട്ടിയത്.
ഇന്ത്യന്‍ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ ശിവാംഗിക്കൊപ്പം പത്താന്‍ കറങ്ങി നടക്കുന്നത് മാധ്യമങ്ങള്‍ കിയ്യോടെ പിടികൂടിയതോടെയാണ് പ്രണയം അതിര്‍ത്തി കടന്നത്. മത്സരങ്ങള്‍ക്കിടയില്‍ ശിവാംഗിയുടെ പിതാവിനെ ഇര്‍ഫാന്‍ പത്താന്‍ ഒരു ഡിന്നറിനു ക്ഷണിച്ചിരുന്നു. ഈ ഡിന്നര്‍ മുതലാണ് ഇരുവര്‍ക്കും ഇടയിലെ രസതന്ത്രം തുടങ്ങിയതെന്നാണ് വാര്‍ത്തകള്‍. 2007 മുതല്‍ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്ത് വരികയാണ് വീരേന്ദ്ര ദേവ്.
|