ആഷസ് പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇംഗ്ലണ്ടിന്‍റെയും ഓസ്ട്രേലിയയുടെയും താരങ്ങള്‍ തമ്മിലുള്ള വാക്‍പോരിന് തുടക്കമായി. സ്ലെഡ്ജിംഗ് ഓസ്ട്രേലിയന്‍ താരങ്ങളുടെ സംസ്കാരമാണെന്ന് ഇംഗ്ലണ്ട് താരം പോള്‍ കോളിംഗ്‌വുഡ് തുറന്നടിച്ചതിനു പുറകെ ഇംഗ്ലണ്ട് താരം പീറ്റേഴ്സണുമായി വാക്‍പോരിന് തയ്യാറാണെന്ന് ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൌള്‍ പീറ്റര്‍ സിഡില്‍ വ്യക്തമാക്കി. പീറ്റേഴ്സണുമായി ചില്ലറ വാക്കു തര്‍ക്കങ്ങളൊക്കെ ഉണ്ടാവുമെന്ന കാര്യത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും സിഡില്‍ പറഞ്ഞു.
പീറ്റേഴ്സണ്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ ഇടയ്ക്കിടെ ചില പദപ്രയോഗങ്ങളൊക്കെ അദ്ദേഹം നടത്താറുണ്ട്. അതിനാല്‍ തന്നെ പീറ്റേഴ്സണുമായി ചില ചില്ലറ തര്‍ക്കങ്ങളൊക്കെ തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സിഡില്‍ പറഞ്ഞു.
മൂര്‍ച്ചയുള്ള പന്തുകള്‍ക്ക് പുറമെ മുനയുള്ള വാക്കുകള്‍ കൊണ്ട് കൂടി ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കുന്ന ശീലമുള്ള സിഡില്‍ മുന്‍പും നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ബാറ്റ്‌സ്മാനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്.
അത് വിജയം കാണുകയാണെങ്കില്‍ കൂടുതല്‍ സന്തോഷമുണ്ടാവുമെന്നും സിഡില്‍ പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനായി കളിക്കാര്‍ സ്ലെഡ്ജിംഗ് ഒഴിവാക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഓസീസ് കളിക്കാരോട് ആവശ്യപ്പെട്ടിരുന്നു. |