ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കര്‍ശന നിര്‍ദേശം കൊണ്ട് മാത്രം അടുത്ത മാസം നടക്കാനിരിക്കുന്ന ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ സ്ലെഡ്ജിംഗ്(തെറി പറച്ചില്‍) ഒഴിവാക്കുമെന്ന് കരുതുന്നില്ലെന്ന് ഇംഗ്ലണ്ട് താരം പോള്‍ കോളിംഗ്‌വുഡ്. ഇത് ഓസ്ട്രേലിയൌടെ ക്രിക്കറ്റ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും കേവലം ഒരു നിര്‍ദേശം കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയുന്നതല്ലെന്നും കോളിംഗ്‌വുഡ് പറഞ്ഞു.
ലോക ക്രിക്കറ്റില്‍ സ്ലെഡ്ജിംഗിന്‍റെ കാര്യത്തില്‍ ഓസ്ട്രേലിയയെ കഴിഞ്ഞേ മറ്റ് ഏത് ടീമും വരികയുള്ളൂ. ചെറുപ്പം മുതലേ ഓസ്ട്രേലിയയുമായി ഞാന്‍ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതിന്‍റെ അനുഭവത്തില്‍ നിന്നാണ് പറയുന്നത്. വളരെ ചെറുപ്പകാലം മുതലേ ഇത് അവരുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. കര്‍ശന നിര്‍ദേശങ്ങളിലൊന്നും അവര്‍ വിശ്വസിക്കുന്നില്ല. എപ്പോഴെങ്കിലും അവസരം ലഭിച്ചാല്‍ അവര്‍ നിങ്ങള്‍ക്ക് മേല്‍ ചാടിവീഴും- കോളിംഗ്‌വുഡ് പറഞ്ഞു.
എന്നാല്‍ ഇംഗ്ലണ്ട് ഇത്തരം വാക് പ്രയോഗങ്ങളെ നേരിടാന്‍ ഒരുങ്ങിത്തന്നെയാണ് ഇരിക്കുന്നതെന്നും കോളിംഗ്‌വുഡ് പറഞ്ഞു. അത്തരത്തില്‍ എന്തെങ്കിലും ഉണ്ടായാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തിരിച്ചടി കൊടുക്കും. അക്കാര്യത്തില്‍ ഓസ്ട്രേലിയയ്ക്ക് യാതൊരു സംശയവും വേണ്ട. എന്നാല്‍ തങ്ങളായി ഇത് തുടങ്ങിവയ്ക്കില്ല.. കളിയില്‍ മാത്രം ശ്രദ്ധിക്കാനാണ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് താല്‍പ്പര്യമെന്നും കോളിംഗ്‌വുഡ് പറഞ്ഞു.
അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാനായി കളിക്കാര്‍ സ്ലെഡ്ജിംഗ് ഒഴിവാക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഓസ്ട്രേലിയന്‍ താരങ്ങളോട് ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു കോളിംഗ്‌വുഡ്. |