ഇന്ത്യയിലെ വിമത ക്രിക്കറ്റ് ലീഗായ ഐ സി എല്ലുമായുളള ബന്ധങ്ങള്‍ അവസാനിപ്പിച്ച ബാറ്റ്സ്‌മാന്‍ മുഹമ്മദ് യൂസഫ്, ഓള്‍ റൌണ്ടര്‍ അബ്ദുള്‍ റസാഖ് എന്നിവരെ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ സെന്‍ട്രല്‍ കരാറുള്ള താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പെടുത്തി. ‘എ‘ കാറ്റഗറിയിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ക്ക് മാച്ച് ഫീസിനും ടൂര്‍ ഫീസിനും പുറമെ പ്രതിമാസം രണ്ടര ലക്ഷം രൂപ ശമ്പളമായും ലഭിക്കും. അതേ സമയം ഐ സി എല്ലില്‍ നിന്ന് രാജിവച്ച മറ്റ് രണ്ട് താരങ്ങളായ റാണ്‍ നവേദ്, ഇമ്രാന്‍ നസീര്‍ എന്നിവരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് പി സി ബി അറിയിച്ചു.
റസാഖിനെയും യൂസഫിനെയും ശ്രീലങ്കന്‍ പര്യടനത്തിലേക്കുള്ള പതിനഞ്ചംഗ ടീമില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അബ്ദുള്‍ റസാഖിനെ ട്വന്‍റി-20 ലോകകപ്പില്‍ തന്നെ പാകിസ്ഥാനു വേണ്ടി കളിച്ചിരുന്നു. 2007ലാണ് മുഹമ്മദ് യൂസഫ് ഐ സി എല്ലുമായി ധാരണയിലെത്തിയത്.
പിന്നീട് ബി സി സി ഐയുടെ ഐ പി എല്ലിലേക്ക് മാറാന്‍ യൂസഫ് ശ്രമിച്ചിരുന്നെങ്കിലും നിയമകുരുക്കുകള്‍ മൂലം കഴിഞ്ഞിരുന്നില്ല. പിന്നീട് ഐ സി എല്ലില്‍ തന്നെ തുടര്‍ന്ന യൂസഫ് പാക് ബോര്‍ഡിന്‍റെ പൊതുമാപ്പ് സ്വീകരിച്ചാണ് ടീമില്‍ തിരിച്ചെത്തിയത്. ഈ മാസം അവസാനം തുടങ്ങുന്ന ലങ്കന്‍ പരമ്പരയില്‍ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്‍റി-20 മത്സരവുമാണ് പാകിസ്ഥാന്‍ കളിക്കുക. |