പരിക്കിനെ തുടര്‍ന്ന് ട്വന്‌റി-20 ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് താരം ആന്‍ഡ്ര്യു ഫ്ലിന്റോഫ് ആഷസ് പരമ്പരയില്‍ കളിച്ചേക്കും. അദ്ദേഹത്തിന്‌റെ പരിക്ക് ഏറെക്കുറെ ഭേദമായി എന്നാണ് റിപ്പോര്‍ട്ട്. പരിക്ക് ഭേദമായിട്ടുണ്ടെങ്കിലും പൂര്‍ണമായി ഗ്രൌണ്ടിലിറങ്ങാന്‍ മാത്രം ഫ്ലിന്‌റോഫ് ഫിറ്റ് അല്ല. ജൂലൈയില്‍ ആഷസ് പരമ്പര തുടങ്ങുമ്പോഴേക്കും അദ്ദേഹം പൂര്‍ണമായി പരിക്കില്‍ നിന്ന് മോചിതനാകുമെന്നാണ് പ്രതീക്ഷ.
ലങ്കാഷെയറും സോമര്‍സെറ്റും തമ്മിലുള്ള കളി തുടങ്ങുന്നതിന് മുന്‍പ് രണ്ട് ഓവര്‍ ഫ്ലിന്‌റോഫ് ബൌള്‍ ചെയ്തതായി അദ്ദേഹത്തിന്‌റെ ഫിസിയോ പറഞ്ഞു. ദീര്‍ഘ നേരം ബൌള്‍ ചെയ്യാന്‍ മാത്രം ഫ്ലിന്‌റോഫിന്‌റെ പരിക്ക് ഭേദമായിട്ടില്ല. ലങ്കാഷെയര്‍ കോച്ച് പീറ്റര്‍ മൂറും ഫ്ലിന്‌റോഫിന്‌റെ ബൌളിംഗ് പരിശോധിച്ചു.
“ഫ്ലിന്‌റോഫ് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ദിവസേനയുള്ള പരിശീലനത്തിലൂടെ നില മെച്ചപ്പെടുത്താനാകും” - മൂര്‍സ് പറഞ്ഞു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതില്‍ ഫ്ലിന്റോഫ് സംതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷങ്ങളായി പരിക്ക് അലട്ടിയിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ ടീമില്‍ തിരിച്ചെത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ഫ്ലിന്റോഫ് പറഞ്ഞു.
ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഫ്ലിന്‌റോഫ് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഐപിഎല്‍ മത്സരത്തിനിടെയാണ് ഫ്ലിന്‌റോഫിന് കാല്‍മുട്ടിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ ട്വന്‌റി - 20 സ്ക്വാഡില്‍ ഫ്ലിന്‌റോഫിനെ ഉള്‍പ്പെടുത്തിയിട്ടില്ല. |