അടുത്ത ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറയുമെന്ന് ശ്രീലങ്കന്‍ ഫാസ്റ്റ് ബൌളര്‍ ചാമിന്ദവാസ് പറഞ്ഞു. ആറ് മാസത്തോളമായി ലങ്കന്‍ ഏകദിന ടീമില്‍ നിന്ന് പുറത്താണ് 34 കാരനായ വാസ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ നടന്ന മത്സരത്തിന് ശേഷമാണ് വാസിന് ടീമില്‍ ഇടം നഷ്ടപ്പെട്ടത്.ഏകദിന ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് വാസ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ തന്‍റെ പ്രകടനം ഇതിന് സഹായിക്കുമെന്നും വാസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ലങ്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൌളര്‍മാരിലൊരാളാണ് വാസ്. 322 ഏകദിനങ്ങളില്‍ നിന്ന് 400 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ നാനൂറ് വിക്കറ്റുകള്‍ മറികടക്കുന്ന നാലാമത്തെ ബൌളറാണ് ഇദ്ദേഹം. ഏകദിനത്തില്‍ നിന്ന് താല്‍ക്കാലികമായി പുറത്തായെങ്കിലും ലങ്കന്‍ ടെസ്റ്റ് ടീമില്‍ ഇപ്പോഴും സജീവ സാന്നിദ്ധ്യമാണ് വാസ്. 109 ടെസ്റ്റുകളില്‍ നിന്നായി 354 വിക്കറ്റുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ലങ്കയിലെ വരും തലമുറയിലെ ഫാസ്റ്റ് ബൊളര്‍മാരിലും വാസിന് പ്രതീക്ഷകള്‍ ഏറെയാണ്. ഏതാനും മികച്ച ഫാസ്റ്റ് ബൌളര്‍മാര്‍ ലങ്കയ്ക്ക് വേണ്ടി കടന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ പ്രകടനം നിലനിര്‍ത്തുക എന്നതാണ് വലിയ വെല്ലുവിളിയെന്നും വാസ് ചൂണ്ടിക്കാട്ടി. |