കരീബിയന്‍ വീര്യത്തിന്‍റെ ആണിക്കല്ല് ഇളക്കിയ സ്വാന്‍ മാജിക്കില്‍ വിഡ്സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ 281 റണ്‍സിന്‍റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്.
57 റണ്‍സ് വിട്ടുകൊടുത്ത് വെസ്റ്റ് ഇന്‍ഡീസിന്‍റെ അഞ്ചു നെടും തൂണുകളെ പിഴുതെറിഞ്ഞാണ് സ്വാന്‍ കളി പൂര്‍ണ്ണമായും ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. സ്വാനിന്‍റെ കൃത്യതയ്ക്ക് മുന്നില്‍ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പത്തിമടക്കിയപ്പോള്‍ വിന്‍ഡീസിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോര്‍ 285 റണ്‍സില്‍ ഒതുങ്ങി.
94 റണ്‍സെടുത്ത രാം നരേഷ് സര്‍വണ്‍ മാത്രമാണ് പിടിച്ചുനിന്നത്. സെഞ്ച്വറി പ്രതീക്ഷകള്‍ ഉണര്‍ത്തിയ സര്‍വണെ സ്വാനിന്‍റെ പന്തില്‍ ഫ്ലിന്‍റോഫ് പിടികൂടുകയായിരുന്നു.
ഓപ്പണര്‍മാരായി ഇറങ്ങിയ ഗെയിലിന് 30 റണ്‍സും സ്മിത്തിന് 38 ഉം റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. പവല്‍ 22ഉം നാഷ് 18ഉം ടെയ്‌ലര്‍ 19 ഉം റണ്‍സ് ഏടുത്തു. ചന്ദര്‍പോളിനും രംദിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ചന്ദര്‍പോള്‍ ഒരു റണ്‍സിനും രംദിന്‍ പൂജ്യത്തിനും പുറത്തായി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ ഇവരുടെ ലീഡ് 312 ആയി ഉയര്‍ന്നു. |