ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ന്യൂസിലാന്‍ഡ് പര്യടനം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ്. നായകനായ ശേഷമുള്ള ധോണിയുടെ ആദ്യ സമ്പൂര്‍ണ്ണ വിദേശപര്യടനമാണിത്. പരമ്പരകള്‍ നേടിയാല്‍ ധോണിയുടെ തൊപ്പിയിലെ തിളങ്ങുന്ന മറ്റൊരു പൊന്‍തൂവലാകുമത്. ടെസ്റ്റ് പരമ്പര വിജയിക്കാനായാല്‍ അത് 41 വര്‍ഷത്തിന് ശേഷം കിവീസ് മണ്ണില്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ കുറിക്കുന്ന ചരിത്രവിജയം കൂടിയാകും.
മൂന്ന് ടെസ്റ്റുകളാണ് ധോണിയുടെ നേതൃത്വത്തില്‍ ന്യൂസിലാന്‍ഡില്‍ ഇന്ത്യ കളിക്കുക. 41 വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്‍സൂര്‍ അലി ഖാന്‍ പട്ടൌഡിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ന്യൂസിലാന്‍ഡില്‍ ടെസ്റ്റ് പരമ്പര വിജയിച്ചത്. 2002ല്‍ നടന്ന പര്യടനത്തില്‍ രണ്ട് ടെസ്റ്റുകള്‍ കളിച്ചെങ്കിലും ഇന്ത്യക്ക് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.
മികച്ച ഫോമിലുള്ള ടീമുമായിട്ടാണ് ധോണി കിവീസിന്‍റെ ചിറകരിയാന്‍ എത്തുന്നത്. അടുത്തിടെ ഓസീസിനും ഇംഗ്ലണ്ടിനും എതിരെ നടന്ന ടെസ്റ്റുകളിലും ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിനപരമ്പരയിലും ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. സച്ചിന്‍ ഉള്‍പെടെ ടീമിലെ ആറുപേര്‍ക്ക് ന്യുസിലാന്‍ഡ് പര്യടനത്തില്‍ മുന്‍പരിചയം ഉള്ളവരാണ്. ബാക്കിയുള്ളവര്‍ മാത്രമാണ് ന്യൂസിലാന്‍ഡിലെ പിച്ചുമായി പൊരുത്തപ്പെടേണ്ടിവരിക. സെവാഗും ദ്രാവിഡും ലക്ഷ്മണും സഹീര്‍ ഖാനും ഹര്‍ഭജന്‍ സിംഗുമാണ് സച്ചിനെ കൂടാതെ ഇതിനു മുമ്പ് നൂസിലാന്‍ഡ് പര്യടനത്തില്‍ പങ്കെടുത്തിട്ടുള്ളത്.
മൂന്ന് ടെസ്റ്റുകള്‍ക്കൊപ്പം രണ്ട് ട്വന്‍റി-20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്. ക്യാപ്റ്റന്‍ എന്ന നിലയിലുള്ള ധോണിയുടെ പ്രകടനമികവില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യയുടെ ആരാധകര്‍. ധോണിയുടെ നേതൃത്വത്തില്‍ കളിച്ച അഞ്ചു ടെസ്റ്റുകളില്‍ നാലെണ്ണത്തിലും ഇന്ത്യ വിജച്ചിട്ടുണ്ട്. ഒരെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു. 46 ഏകദിനങ്ങളില്‍ 28 എണ്ണത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ധോണിക്ക് ക്യാപ്റ്റനെന്ന നിലയില്‍ ട്വന്‍റി-20 യിലും മികച്ച റെക്കോഡാണ് ഉള്ളത്.
വെള്ളിയാഴ്ച്ചയാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ എത്തുക. ഈ മാസം 25ന് ട്വന്‍റി-20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുക.
|