ഇക്കുറി വാലന്‍റൈന്‍സ് ദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വീട്ടുകാര്‍ നന്നെ പൊറുതിമുട്ടി. ധോണിയെ തേടിയെത്തിയ ആരാധികമാരോട് മറുപടി പറഞ്ഞ് വീട്ടുകാര്‍ ക്ഷീണിച്ചു. ധോണി ഫാന്‍സ് അസോസിയേഷന്‍റെ പേരില്‍ ധോണിക്ക് വാലന്‍റൈന്‍സ് ആശംസ കൈമാറാനെത്തിയ പെണ്‍കുട്ടികളാണ് വീട്ടുകാര്‍ക്ക് തലവേദന ആയത്.ധോണിയെ നേരിട്ട് കണ്ട് ആശംസ അറിയിക്കാനാണ് എത്തിയതെങ്കിലും ധോണി സ്ഥലത്തില്ലാത്തതിനാല്‍ ബന്ധുക്കളെക്കണ്ട് പൂക്കളും ആശംസയും കൈമാറി പലരും തൃപ്തിയടഞ്ഞു. ധോണി തങ്ങളുടെ വാലന്‍റൈന്‍ ആണെന്നും ധോണിയെ സ്നേഹിക്കുന്നുവെന്നും വീടിന് പുറത്തുനിന്ന് ഉറക്കെ വിളിച്ചുപറയാനും ഇവര്‍ മറന്നില്ല. ധോണിയുടെ ചിത്രം പതിച്ച പോസ്റ്ററുകളും ആശംസാ കാര്‍ഡുകളും റോസാപ്പൂക്കളും പലരും കരുതിയിരുന്നു. വാലന്‍റൈന്‍സ് ദിനത്തില്‍ വീട്ടില്‍നിന്നും ധോണി മുങ്ങിയതിലുള്ള പരിഭവവും ഇവര്‍ മറച്ചുവെച്ചില്ല. “ഇത് വളരെ ദുഖകരമായി പോയി, വാലന്‍റൈന്‍സ് ദിനമായിട്ട് ധോണി റാഞ്ചിയില്‍ ഇല്ല. ഞങ്ങള്‍ക്ക് അദ്ദേഹത്തെ മിസ് ചെയ്യുന്നു“ ധോണിയെ കാണാന്‍ എത്തി നിരാശയായ സുപ്രിയ പറഞ്ഞു. ഒടുവില്‍ കുറച്ചുനേരം വീടിന് സമീപം ചെലവഴിച്ച ശേഷം മനസില്ലാമനസോടെ എല്ലാവരും മടങ്ങി. ആരാധന മൂത്ത് ധോണിക്ക് ക്ഷേത്രം കെട്ടിപ്പൊക്കുന്നതിന്‍റെ പുകില്‍ ഒടുങ്ങുന്നതിന് മുന്‍പാണ് പ്രണയദിനത്തിലെ ആരധികമാരുടെ തള്ളിക്കയറ്റവും വീട്ടുകാരെ വലച്ചത്‍. |