ഇന്ത്യയിലെ വിമത ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഭാഗികമായി നീക്കാന്‍ പി സി ബി തീരുമാനിച്ചു. ഐ സി എല്ലില്‍ പങ്കെടുക്കുന്ന 19 പാക് താരങ്ങളില്‍ കോടതിയെ സമീപിച്ച 11 പേരുടെ വിലക്കാണ് പി സി ബി നീക്കിയത്.
ഐ സി എല്‍ താരങ്ങള്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനുള്ള വിലക്ക് താല്‍ക്കാലികമായി പിന്‍വലിക്കണമെന്ന് സിന്ധ് ഹൈക്കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. എന്നാല്‍, വിധിപകര്‍പ്പ് ലഭിക്കാത്തതിനാലും കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നതിനാലും ഇക്കാര്യത്തില്‍ പി സി ബി ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല.
ഇന്ന് കേസ് പരിഗണിച്ച കോടതി തുടര്‍വാദം ഈ മാസം 25ലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് കേസ് അടുത്ത് പരിഗണിക്കുന്നതുവരെ കളിക്കാര്‍ക്ക് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ക്വയ്ദ് - ഇ അസം ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാമെന്ന് പി സി ബിയുടെ നിയമോപദേഷ്ടാവ് ഷാന്‍ ഗുല്‍ വ്യക്തമാക്കിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ചതിന് 19 പാക് താരങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കോടതിയെ സമീപിച്ച 11 പേര്‍ക്ക് മാത്രമേ പി സി ബി കളിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളു. |