യുദ്ധം തളര്‍ത്താത്ത മനസുമായി കായിക ലോകത്ത് തങ്ങളുടെ സാനിധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുന്ന അഫ്ഗാനിസ്ഥാന്‍ അടുത്ത ക്രിക്കറ്റ് ലോകകപ്പില്‍ യോഗ്യത നേടുകയെന്ന ലക്‌ഷ്യവുമായി ഐസിസി ലോക ക്രിക്കറ്റ് ലീഗിന്‍റെ നാലാം ഡിവിഷന്‍ മത്സരങ്ങള്‍ക്ക് ഇറങ്ങുന്നു. ശനിയാഴ്ചയാണ് നാലാം ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
നാലാം ഡിവിഷനില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ മൂന്നാം ഡിവിഷനിലേക്കും മൂന്നാം ഡിവിഷനിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്‍റിനും മുന്നേറും. യോഗ്യതാ മത്സരത്തില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാകും 2011 ലോകകപ്പില്‍ അസോസിയേറ്റ് അംഗങ്ങള്‍ എന്ന നിലയില്‍ പങ്കെടുക്കുക.
ടാന്‍സ്മാനിയ ആതിഥേയത്വം വഹിക്കുന്ന നാലാം ഡിവിഷന്‍ മത്സരങ്ങളില്‍ ആതിഥേയരെ കൂടാതെ ഹോങ്ങ് കോങ്ങ്, ജേഴ്സി, ഫിജി, ഇറ്റലി, എന്നീ ടീമുകളാണ് അഫ്ഗാന്‍റെ എതിരാളികള്‍. ഹോങ്ങ് കോങ്ങിനെയാണ് ഈ വിഭാഗത്തിലേ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും ഇന്ത്യന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍റെ സഹോദരനുമായ പീറ്റര്‍ കിര്‍സ്റ്റന്‍ പരിശീലിപ്പിക്കുന്ന ജേഴ്സി, ഇറ്റലി എന്നീ ടീമുകളും ശക്തരാണ്. ഓസ്ട്രേലിയ എ ടീമില്‍ അംഗമായിരുന്ന നീല്‍ മാക്‌സവെല്ലിന്‍റെ സാനിധ്യമാണ് ഫിജി ടീമിനെ ശ്രദ്ധേയമാക്കുന്നത്. എന്നാല്‍ പരുക്ക് കാരണം ലീഗ് മത്സരങ്ങളില്‍ മാക്‌സ്‌വെല്‍ ടീമിലുണ്ടാവില്ല.
അതേ സമയം എതിരാളികള്‍ കരുത്തരാണെങ്കിലും ലോകത്തിന് മുന്നില്‍ തങ്ങളുടെ അഭിമാനം ഉയര്‍ത്താന്‍ ലഭിക്കുന്ന അവസരമായാണ് അഫഗാന്‍ സംഘം ഇതിനെ കാണുന്നത്. ലോകകപ്പില്‍ എത്താന്‍ സാധിക്കുകയാണെങ്കില്‍ അതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാന്‍ ആകില്ലെന്ന് അഫ്ഗാന്‍ ഫാസ്റ്റ് ബൌളര്‍ ഹമീദ് ഹസന്‍ പറയുന്നു. മുന്‍ പാകിസ്ഥാന്‍ താരം കബീര്‍ ഖാന്‍റെ പരിശീലനത്തിലാണ് അഫഗാന്‍ ടീം മത്സരത്തിന് തയാറെടുക്കുന്നത്. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|