ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടയില്‍ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട പാകിസ്ഥാന്‍ പേസ് ബൌളര്‍ മൊഹമ്മദ് ആസിഫിന്‍റെ രണ്ടാം സാമ്പിള്‍ പരിശോധന ഈ മാസം 18ന് നടക്കും. സ്വിറ്റ്സര്‍ലന്‍ഡിലെ ലാബറൊട്ടറിയില്‍ ഈയാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആസിഫിന് വിസ ലഭിക്കാന്‍ വൈകിയത് കാരണം പരിശോധന നീട്ടി വെയ്ക്കുകയായിരുന്നു.
പ്രീമിയര്‍ ലീഗിനിടയില്‍ ശേഖരിച്ച താരത്തിന്‍റെ രണ്ടാം സാമ്പിളാണ് ആസിഫിന്‍റെ ആവശ്യപ്രകാരം പരിശോധിക്കുന്നത്. സ്വിറ്റ്സ്വര്‍ലന്‍ഡിലുള്ള ലോക ഉത്തേജക വിരുദ്ധ സമിതി(വാഡ)യുടെ അംഗീകൃത ലാബിലാണ് പരിശോധന. വാഡയുടെ ചട്ടങ്ങള്‍ പ്രകാരം ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട കളിക്കാരന്‍റെ രണ്ടാം സാമ്പിള്‍ ആരോപണ വിധേയന്‍റെ സാനിധ്യത്തിലാണ് പരിശോധിക്കേണ്ടത്.
ജൂലായ് 28ന് ഈ പരിശോധന നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിസ പ്രശ്നം കാരണം ഇത് ഓഗസ്റ്റ് ആറിലേക്ക് മാറ്റിയിരുന്നു. ഈ തിയതിയിലും ആസിഫിന് വിസ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് 18-ആം തിയതിയിലേക്ക് പരിശോധന മാറ്റിയിരിക്കുന്നത്.
ഇതിന് മുന്‍പ് 2006ലെ ചാമ്പ്യന്‍സ് ട്രോഫിയോട് അനുബന്ധിച്ച് നടത്തിയ ഉത്തേജക പരിശോധനയിലും ആസിഫ് പിടിക്കപ്പെട്ടിരുന്നു. ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ ഉത്തേജക മരുന്ന് ഉപയോഗത്തിന് രണ്ട് വട്ടം പിടിയിലാകുന്ന ആദ്യ താരമാണ് മൊഹമ്മദ് ആസിഫ്. ഐപിഎല്‍ കഴിഞ്ഞ നാട്ടിലേക്ക് മടങ്ങും വഴി മയക്കുമരുന്ന് കൈവശം വെച്ചതിന് ആസിഫ് ദുബായ് എയര്‍പോര്‍ട്ടില്‍ പിടിയിലായിരുന്നു. ഇക്കാര്യത്തില്‍ ആസിഫിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഇതേ കുറിച്ച് അന്വഷിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച് സമിതി കണ്ടെത്തിയിരുന്നു.
ആരോപണങ്ങളെ തുടര്‍ന്ന് ആസിഫിനെ പിസിബി സസ്പന്‍ഡ് ചെയ്തിരിക്കുകയാണ്.
|