ആഗോള തലത്തില്‍ ഇന്ത്യക്ക് ശക്തമായ സ്വാധീനമുള്ള ഏക കായിക ഇനമായ ക്രിക്കറ്റിന് ഒളിമ്പിക്സില്‍ പ്രവേശനം ലഭിക്കാനുള്ള സാധ്യത കൂടുതല്‍ തെളിയുന്നു. ലണ്ടനില്‍ 2012ല്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ ട്വന്‍റി20 ക്രിക്കറ്റിനെ ഇംഗ്ലണ്ടിന്‍റെ സാംസ്കാരിക കായിക ഇനം എന്ന നിലയില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി ലണ്ടന്‍ നിയമസഭയിലെ ഏഷ്യന്‍ വംശജനായ ഒരംഗമാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ഭാവിയില്‍ ട്വന്‍റി20 ക്രിക്കറ്റ് ഒളിപിക്ക് ഇനമായി മാറണമെന്നും ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച അവസരമാണ് ലണ്ടന്‍ ഒളിമ്പിക്സെന്നുമാണ് ലേബര്‍ പാര്‍ട്ടി നേതാവായ മുറാദ് ഖുറേഷിയുടെ വാദം. ബംഗ്ലാദേശില്‍ നിന്ന് ഇംഗ്ലണ്ടില്‍ കുടിയേറിയ കുടുംബത്തിലെ അംഗമായ ഖുറേഷി ലണ്ടന്‍ നിയമസഭയിലെക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഏഷ്യന്‍ വംശജരിലൊരാളാണ്. ലണ്ടന്‍ ഒളിമ്പിക്സിന്‍റെ സംഘാടനത്തില്‍ ലണ്ടന്‍ അസംബ്ലിക്ക് സുപ്രധാന പങ്കാണുള്ളത്.
ലണ്ടന്‍ ഒളിമ്പിക്സില്‍ ക്രിക്കറ്റിനെ ഉളപ്പെടുത്തണമെന്ന ആവശ്യവുമായി ഖുറേഷി ബീജിങ്ങ് ഒളിമ്പിക്സിനിടയില്‍ അന്തര്‍ദേശീയ ഒളിമ്പിക്സ് പ്രതിനിധികളെയും കാണും. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ അധ്യക്ഷന്‍ ഡേവിഡ് മോര്‍ഗനുമായും ഖുറേഷി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.ലണ്ടന്‍ ഒളിമ്പിക്സിന്‍റെ സമയത്ത് ഇവിടത്തെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ ട്വന്‍റി20 മത്സരങ്ങള്‍ക്ക് സജ്ജമാക്കാനാകുമെന്നു ഖുറേഷി പറയുന്നു.
ഒളിമ്പിക്സില്‍ ക്രിക്കറ്റ് സ്ഥിരം ഇനമാക്കി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ആദ്യം ഉന്നയിച്ചത് ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റായിരുന്നു. പിന്നീട് ഇതിന് പിന്തുണയുമായി കപില്‍ ദേവ്, സൌരവ് ഗാംഗുലി, സ്റ്റീവ് വോ, സ്റ്റീഫന്‍ ഫ്ലെമിങ്ങ്, വി വി എസ് ലക്‌ഷമണ്‍, കുമാര്‍ സംഗകാര, യുവരാജ് സിങ്ങ് തുടങ്ങിയ ക്രിക്കറ്റര്‍മാരും രംഗത്ത് എത്തി.
|