ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകമെമ്പാടും ഹിറ്റായ സാഹചര്യത്തില്‍ ഈ മാതൃകയില്‍ ഒരു ട്വന്‍റി-20 പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. നഗര അടിസ്ഥാനത്തില്‍ ടീമുകളെ ഇറക്കുവാന്‍ കമ്പനികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും അനുമതി നല്‍കും.
വിദേശ കളിക്കാരെ ടീമുകളില്‍ ഉള്‍പ്പെടുത്തുവാന്‍ ടീം ഉടമസ്ഥര്‍ക്ക് അനുവാദം നല്‍കും. ഒരു ടീമില്‍ നാല് പാക് അണ്ടര്‍ 19 ടീമിലെ കളിക്കാരെ ഉള്‍പ്പെടുത്തണമെന്ന് നിബന്ധന പിസിബി മുന്നോട്ടു വച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പിസിബിയുടെ വിപണന വിഭാഗം ആരംഭിച്ചു കഴിഞ്ഞു.അതേസമയം ഈ ദൌത്യവുമായി മുന്നോട്ടു പോകണമെങ്കില്‍ സ്‌പോണ്‍സര്‍മാരുടെയും കമ്പനികളുടെയും ഭാഗത്ത് നിന്ന് മികച്ച രീതിയില്‍ പ്രതികരിക്കണം ഉണ്ടാവണമെന്ന് പിസിബി പ്രതിനിധി അറിയിച്ചു. ലീഗിന്‍റെ ടെലിവിഷന്‍ പ്രക്ഷേപണവകാശം വൈകാതെ വില്‍ക്കുമെന്ന് കരുതുന്നു.ഐപിഎല്ലിന്‍റെ വന്‍മ്പിച്ച ജനപിന്തുണ പരിഗണിച്ച് ഓസ്‌ട്രേലിയയയും ഇംഗ്ലണ്ടും ട്വന്‍റി-20 പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ട്.
ഐപിഎല്‍ പാകിസ്ഥാനിലെ ജനങ്ങള്‍ സിനിമ പോലെ ആസ്വദിക്കുകയാണെന്ന് പാക് ക്രിക്കറ്റ് ടീം നായകന്‍ ഷൊയബ് മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ഐപിഎല്‍,ഐസിഎല്‍ കുത്തൊഴുക്കില്‍ ടെസ്റ്റ്,ഏകദിന മത്സരങ്ങള്‍ തകരാതെയിരിക്കുന്നതിന് അവയുടെ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തണമെന്ന് മുന്‍ പാക് നായകന്‍ വസീം അക്രം ആവശ്യപ്പെട്ടിട്ടുണ്ട്.
|