ശ്രീലങ്കന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ സനത് ജയസൂര്യ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരെ അടുത്തയാഴ്ച കാന്‍ഡിയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനിടയില്‍ ജയസൂര്യ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഒരു പ്രമുഖനെ ഉദ്ദരിച്ചാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാല്‍ ജയസൂര്യ ഇത്തരം ഒരു തീരുമാനത്തെ കുറിച്ച് തങ്ങളെ ഒന്നും അറിയിച്ചിട്ടില്ലെന്നാണ് ശ്രീലങ്ക ക്രിക്കറ്റ്(എസ് എല്‍ സി) അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ വിരമിക്കല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ അവര്‍ തയാറായിട്ടുമില്ല.
ഒരു സ്പിന്നറായി ടീമിലെത്തി ഏകദിനങ്ങളിലെ വെടിക്കെട്ട് ബാറ്റ്സ്മാനും മികച്ച ടെസ്റ്റ് കളിക്കാരനുമായി രൂപാന്തരം പ്രാപിച്ച താരമാണ് ജയസൂര്യ. ശ്രീലങ്കയക്കായി ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ കളിക്കാരന്‍ കൂടിയാണ് ജയസൂര്യ. ശ്രീലങ്കയെ 1996ല്‍ ലോകചാമ്പ്യന്‍മാരാക്കുന്നതിലും ജയസൂര്യ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.
ടെസ്റ്റില്‍ 40.2 ബാറ്റിങ്ങ് ആവറേജുള്ള ജയസൂര്യ 109 മത്സരങ്ങളില്‍ നിന്ന് 6885 റണ്‍സാണ് അടിച്ചു കൂട്ടിയിട്ടുള്ളത്.ഈ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍ 340 റണ്‍സാണ്. ഇതു വരെ 14 ടെസ്റ്റ് സെഞ്ച്വറികളും 30 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുള്ള ജയസൂര്യ 97 വിക്കറ്റുകളും ടെസ്റ്റ് മത്സരങ്ങളില്‍ വീഴ്ത്തിയിട്ടുണ്ട്.
|