ഇന്ത്യയും പാകിസ്ഥാനും തകര്‍ത്തടിച്ച് കളിച്ച രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം കാണികള്‍ക്ക് ആനന്ദം പകരുന്ന കാര്യത്തില്‍ മുന്നിലായിരുന്നെന്ന് നിസ്സംശയം പറയാം. എന്നാല്‍ ഇരു ടീമിന്‍റെയും കളിക്കാര്‍ക്ക് പ്രത്യേകിച്ചും നായകന്‍മാരായ മാലിക്കിനും ധോനിക്കും ഈ മത്സരം ഏറെ സന്തോഷം പകരുന്ന ഒന്നായിരിക്കില്ല.
കളിയില്‍ മെല്ലെപ്പോക്ക് നയം നടപ്പിലാക്കിയതിനാല്‍ ഇരു ടീമിനും പിഴയടക്കേണ്ടി വന്നിരിക്കുകയാണ്. മാച്ച് ഫീസിന്‍റെ അഞ്ചു ശതമാനം വീതമാണ് മാച്ച് റഫറി ശ്രീലങ്കക്കാരന്‍ റോഷന്‍ മഹാനാമ വിധിച്ചത്. നായകന്‍മാരായ മഹേന്ദ്ര സിംഗ് ധോനിക്കും ഷൊഹൈബ് മാലിക്കിനും മാച്ച് ഫീസിന്‍റെ പത്തു ശതമാനം വീതമാണ് നഷ്ടമാകുക.
ഓവറുകള്‍ എറിഞ്ഞു തീര്‍ക്കേണ്ട സാധാരണ സമയത്തേക്കാള്‍ കൂടുതല്‍ സമയം ഇരു ടീമും എടുത്തതിനെ തുടര്‍ന്നായിരുന്നു പിഴ. ഐ സി സി യുടെ സാധാരന നിയമമനുസരിച്ച് അനുവദിച്ചിരിക്കുന്ന സമയത്തേക്കാള്‍ കൂടുതല്‍ സമയം ബൌള്‍ ചെയ്യാനെടുത്താല്‍ പെനാല്‍റ്റിയായി ഏതു ടീമാണൊ കൂടുതല്‍ സമയമെടുത്തത് ആ ടീമിനു അഞ്ചു ശതമാനം പിഴയും ടീം നായകനു അതിന്‍റെ ഇരട്ടിയുമാണ് പിഴ.
അതുകൊണ്ടാണ് ടീമുകളുടെ നായകന്‍മാര്‍ക്കു പത്തു ശതമാനം പിഴയും കളിക്കാര്‍ക്ക് അഞ്ചു ശതമാനം പിഴയും നല്‍കിയതെന്നു ഐ സി സി പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയെ പാകിസ്ഥാന്‍ നാലു വിക്കറ്റിനു കീഴടക്കിയിരുന്നു. കളിക്കു ശേഷം രണ്ടു ക്യാപ്ടന്മാരെയും വിളിച്ച് മഹാനാമ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്.
|