ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിലെ നേതൃമാറ്റം പൂര്‍ത്തീകരിച്ച് കൊണ്ട് ടീമിന്‍റെ ടെസ്റ്റ് ടീം നായക സ്ഥാനവും ഡാനിയേല്‍ വെട്ടോറിക്ക്. ആദ്യം ട്വന്‍റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് ടീമിനെ നയിക്കാന്‍ ചുമതലപ്പെടുത്തിയ വെട്ടോറിയെ സ്റ്റീഫന്‍ ഫ്ലെമ്മിങ്ങിന്‍റെ രാജിയെ തുടര്‍ന്ന് ഏകദിന ടീമിന്‍റെ നായകനുമാക്കിയിരുന്നു.
ടെസ്റ്റ് ക്യാപറ്റനായി തുടരാന്‍ ഫ്ലെമിങ്ങ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും വെട്ടോറിക്ക് തന്നെ ടെസ്റ്റ്ടീമിന്‍റെ നായകസ്ഥാനവും നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. നായകസ്ഥാനം നഷ്ടപെട്ടെങ്കിലും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങ് ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
ന്യൂസിലന്‍ഡിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് വെട്ടോരി ആദ്യമായി ഏകദിന-ടെസ്റ്റ് ടീമുകളെ നയിക്കുക. ജൊഹനാസ്ബര്‍ഗില്‍ നവംബര്‍ എട്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക.
പതിനഞ്ചംഗ ടീമില്‍ ഓപ്പണര്‍മാരായി ക്രയ്ഗ് കമ്മിങ്ങിനെയും മൈക്കല്‍ പാപ്പ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ഒരു ഓപ്പണിങ്ങ് സഖ്യം സൃഷ്ടിക്കാനാണ് സെലക്ടര്‍മാര്‍ ശ്രമിച്ചതെന്ന് ഇക്കാര്യമറിയിച്ച കോച്ച് ജോണ്‍ ബ്രേസ്‌വെല്‍ പറഞ്ഞു.
|