ക്രിക്കറ്റിന്‍റെ പുതിയ പാഠഭേദങ്ങള്‍ പാകിസ്ഥാനു പകര്‍ന്നു നല്‍കാന്‍ ഓസ്‌ട്രേലിയക്കാരനായ പുതിയ പരിശീലകന്‍ ജഫ് ലോസണ്‍ എത്തി. രണ്ട് വര്‍ഷത്തേക്കുള്ള കരാറില്‍ പാകിസ്ഥാനിലെത്തിയ ലോസണ്‍ ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങളിലേക്ക് പാകിസ്ഥാനെ നയിക്കുക എന്ന വെല്ലു വിളിയാണ് ആദ്യം നേരിടുക.
പാകിസ്ഥാനില്‍ എത്തിയ ആദ്യ ദിനം തന്നെ വിവാദങ്ങളാണ് ലോസനെ സ്വാഗതം ചെയ്യുന്നത്. കളിക്കാരും ബോര്‍ഡും തമ്മിലുള്ള പടല പിണക്കം തീര്‍ക്കുകയായിരിക്കും ലോസണ് ആദ്യം ചെയ്യേണ്ടി വരിക. ടീമിന്‍റെ ക്രിക്കറ്റ് അക്കാദമിയില്‍ ആദ്യം എത്തിയ ലോസണ്‍ ചൊവ്വാഴ്ച പത്ര സമ്മേളനം വിളിക്കാനിരിക്കുകയാണ്.
ബോര്‍ഡില്‍ നിന്നും ഒന്നാം ബൌളര്‍ അക്തര്‍ അച്ചടക്ക നടപടി നേരിടുന്നു. സുപ്രധാന താരങ്ങളില്‍ ചിലര്‍ ഐ സി എല്ലുമായി കരാറിലായി. ലീഗില്‍ പങ്കെടുക്കുന്നതിനെ തുടര്‍ന്ന് ആജീവനാന്ത വിലക്കു വരെ നേരിട്ടേക്കാമെന്നിരിക്കെ അബ്ദുള്‍ റസാഖിനെയും മൊഹമ്മദ് യൂസുഫിനെയും ഇമ്രാന്‍ ഫര്‍ഹത്തിനെയും നഷ്ടമായാല്‍ പാകിസ്ഥാന്‍ ദുര്‍ബ്ബലമാകും എന്ന വസ്തുത ലോസണ്‍ തിരിച്ചറിയുന്നു.
ഇവര്‍ ഇല്ലാതെയാണ് പാകിസ്ഥാന്‍ ട്വന്‍റി മത്സരത്തില്‍ പങ്കെടുക്കുക എങ്കിലും ഇവരുടെ പങ്കാളിത്തം ഇത്രയും നാള്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നിന്നിരുന്നു എന്നത് വസ്തുതയാണ്. 46 ടെസ്റ്റുകളില്‍ 180 വിക്കറ്റുകള്‍ വീഴ്ത്തിയ ലോസണ്‍ കഴിഞ്ഞ മാസമാണ് പരിശീലക സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്.
|