സച്ചിന് തെണ്ടുല്‍ക്കര്‍ അടുത്ത ലോകകപ്പ് വരെ രാജ്യാന്തര ക്രിക്കറ്റില്‍ തുടരണമെന്ന് ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്ക്കര്‍. ഇന്ത്യ സംയുക്ത ആതിഥേയരാകുന്ന 2011 ലെ ലോകകപ്പില്‍ സച്ചിന്‍ വിരമിച്ചാല്‍ ആ വിടവാങ്ങലിന് സാക്ഷികളാകാന്‍ സ്വന്തം നാട്ടിലെ ആരാധകര്‍ക്ക് അവസരം ലഭിക്കുമെന്നതിനാലാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നതെന്നും ഗവാസ്ക്കര്‍ പറഞ്ഞു.
ഇന്ത്യാ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിനോട് അനുബന്ധിച്ച് ബി ബി സി റേഡിയൊയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുന്‍നായകന്‍. അടുത്ത ലോകകപ്പാകുമ്പോള്‍ സച്ചിന് 38 വയസ്സ് തികഞ്ഞിരിക്കും.സാധാരണ ഗതിയില്‍ ഇത്രയും പ്രായമുള്ളവര്‍ ഏകദിന മത്സരരംഗത്ത് തുടരാറില്ലെങ്കിലും ക്രിക്കറ്റിലെ രാജകുമാരന്‍ ബ്രയാന്‍ ലാറ ഇക്കഴിഞ്ഞ ലോകകപ്പിനിടയില്‍ സ്വന്തം നാട്ടില്‍ വെച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായവും 38 വയസ്സായിരുന്നു.
സച്ചിന്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വെച്ച് വിരമിക്കണമെന്ന് ആവശ്യപ്പെടുന്ന സുനില്‍ ഗവാസ്ക്കറും കളിക്കളത്തോട് വിട പറഞ്ഞത് ഇന്ത്യയില്‍ നടന്ന 1987 ലോകകപ്പില്‍ വെച്ചായിരുന്നു.അന്ന് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷമാണ് ഗവാസ്ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
|