പാകിസ്ഥാന്‍റെ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്കിന്‍റെ ക്രിക്കറ്റ് കരിയര്‍ അവസാനിക്കുന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ലോകകപ്പോടെ എകദിന മത്സരങ്ങളില്‍ നിന്നും വിടവാങ്ങിയ മുന്‍ നായകനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ കരാറിലേക്ക് നിര്‍ദ്ദേശിച്ചിട്ടില്ല.
പി സി ബി സമര്‍പ്പിച്ച 33 അംഗങ്ങളുടെ പട്ടികയില്‍ 20 പേരാണ് ഉള്‍പ്പെടുക. മറ്റുള്ളവര്‍ കരുതല്‍ താരങ്ങളില്‍ പെടുന്നു. ഈ പട്ടികയില്‍ ഇന്‍സമാമിനെ ക്രിക്കറ്റ് ബോര്‍ഡ് ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഏകദിനത്തില്‍ നിന്നും വിരമിച്ചെങ്കിലും ടെസ്റ്റ് ടീമില്‍ കളിക്കാനുള്ള താല്പര്യം ഇന്‍സമാം നേരത്തേ തന്നെ അറിയിച്ചിരുന്നതാണ്.
ഇതില്‍ നിന്നു മനസ്സിലാക്കാവുന്ന കാര്യം മുന്‍ നായകന്‍റെ സേവനം ഒരു വര്‍ഷത്തേക്കെങ്കിലും പാകിസ്ഥാനു താല്പര്യമില്ല എന്നതു തന്നെയാണ്. ഒന്നാം റൌണ്ടില്‍ തന്നെ പാകിസ്ഥാന്‍ പുറത്തായ കരീബിയന്‍ ലോകകപ്പിനു ശേഷം ഇന്‍സി പാകിസ്ഥാന്‍റെ പച്ച കുപ്പായത്തില്‍ ഇനിയുണ്ടാവില്ലെന്നു പ്രഖ്യാപിച്ചിരുന്നു.
അതേ സമയം ടെസ്റ്റിലും എകദിനത്തിലും പ്രാപ്തരായവരുമായിട്ടാണ് പാകിസ്ഥാന്‍ കരാര്‍ പുതുക്കിയതെന്നാണ് പി സി ബി വക്‍താക്കള്‍ പറയുന്നത്.റാണാ നവേദ് ഉള്‍ ഹസന്‍, ഓള്‍ റൌണ്ടര്‍ അസ്‌ഹര്‍ മെഹ്‌മൂദ് എന്നിവരുമായും പി സി ബി കരാര്‍ പുതുക്കിയിട്ടില്ലെന്നാണ് അറിവ്.
|