ചിത്രം മൊഹാലിയില്‍ ഓസ്ട്രേലിയയും ഇന്ത്യയും തമ്മില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്. ഒന്നാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുന്ന ഓസീസ് ഓപ്പണര്‍ സൈമണ്‍ കാറ്റിച്ച് ടെസ്റ്റില്‍ അരങ്ങേറ്റക്കാരനായ ഇന്ത്യന്‍ ലെഗ് സ്പിന്നറെ കാര്യമായി ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. ഏറെ താമസിയാതെ തന്നെ കാറ്റിച്ച് ഈ പയ്യന്‍റെ പന്തില്‍ പിഴവ് വരുത്തി വിക്കറ്റ് നല്‍കി മടങ്ങി. അമിത് മിശ്ര എന്ന ലെഗ് സ്പിന്നറുടെ പ്രതിഭ ഇവിടെ തിരിച്ചറിയപ്പെടുക ആയിരുന്നു.ലോക ചാമ്പ്യന്‍മാരായ ഓസീസിന്‍റെ തകര്‍ച്ച ഇവിടെ തുടങ്ങി. ഈ തകര്‍ച്ച അവസാനിച്ചത് 17 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഓസീസിന്‍റെ ഏറ്റവും വലിയ പരാജയത്തിലേക്ക് ആയിരുന്നു. ലോക ചാമ്പ്യന്‍മാരെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ നാണം കെടുത്തിയ ടെസ്റ്റില്‍ ശ്രദ്ധിക്കപ്പെട്ടത് അമിത് മിശ്ര എന്ന ഡല്‍ഹിക്കാരനായ പുതുമുഖമായിരുന്നു.പരിക്കു മൂലം തനിക്ക് അവസരം നല്‍കിയ നായകന്‍ അനില്‍ കുംബ്ലേയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാകാന്‍ അര്‍ഹതയുള്ള ആള്‍ എന്ന വിളിച്ചു പറയുന്ന പ്രകടനമായിരുന്നു 25 കാരന്‍ നടത്തിയത്. അതേ ഇന്നിംഗ്‌സില്‍ ലെഗ് ബ്രേക്കുകളും ഗൂഗ്ലികളും അനായാസമായി തൊടുത്ത് കംഗാരുക്കളെ വിഷമിപ്പിച്ച പയ്യന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചാണ് കളം വിട്ടത്. രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി നേട്ടം ഏഴാക്കി.ഡല്‍ഹിയില്‍ ജനിക്കുകയും ഹരിയാനയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയും ചെയ്യുന്ന മിശ്ര റണ്ണപ്പിലും ബൌളിംഗ് സ്റ്റൈലിലും ആക്ഷനിലും ഷെയിന്‍ വോണിനെ അനുസ്മരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വോണിന്‍റെ പ്രതിഭയോടാണ് നിരീക്ഷകര്‍ മിശ്രയെ താരതമ്യപ്പെടുത്തുന്നത്. മിശ്രയുടെ മികവ് ഒരു പുലരിയില്‍ ഉണ്ടായ ഒന്നല്ല. ക്യാപ്സൂള്‍ ക്രിക്കറ്റിന്‍റെ വിപണിയായ ഐ പി എല്ലിലെ ആദ്യ ഹാട്രിക്കിന് ഉടമ കൂടിയാണ് മിശ്ര. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |