ഇരുപത് വര്‍ഷത്തെ ടെന്നീസിനോടുള്ള പ്രണയം. പത്ത് വര്‍ഷത്തെ മത്സരങ്ങള്‍, പത്ത് വര്‍ഷത്തെ വിജയങ്ങള്‍, പത്ത് വര്‍ഷത്തെ വികാര പ്രകടനങ്ങള്‍, വളരെ കുറച്ചുള്ള തോല്‍വികളിലെ വിതുമ്പല്‍, പതിനായിരക്കണക്കിന് ആരാധകര്‍, എണ്ണമറ്റ കണ്ണുകളിലെ സന്തോഷ കണ്ണീര്‍. ജസ്റ്റിന്‍ ഹെനിനെ കുറിച്ച് ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.
ലോക ഒന്നാം നമ്പറായിരിക്കെ തന്നെ ടെന്നീസ് ലോകത്തിന്‍റെ നെറുകയില്‍ നിന്നാണ് ഈ ബല്‍ജിയം കാരിയുടെ മടക്കം. അത് കൊണ്ട് തന്നെ ടെന്നീസില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന വനിതാ താരങ്ങള്‍ക്കൊപ്പമാകും ജസ്റ്റിന്‍ ഹെനിന്‍റെ പേരും. ബുധാനാഴ്ച ബല്‍ജിയം താരം അന്താരാഷ്ട്ര മത്സരങ്ങളുടെ നെറുകയില്‍ നില്‍ക്കേ തന്നെ വിരമിച്ചു.
ഫ്രഞ്ച് ഓപ്പണായിരുന്നു അവരുടെ മികവിന്‍റെ യഥാര്‍ത്ഥ സാക്‍ഷ്യം പ്രത്യേക വിരുതുള്ള ഫ്രഞ്ച് ഓപ്പണില്‍ 2003, 2005, 2006, 2007 എന്നിങ്ങനെ നാല് തവണയാണ് കിരീടം നേടിയത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 2004 ല്‍ മാത്രവും വിംബിള്‍ഡണില്‍ 2001 ലും 2006 ലും യു എസ് ഓപ്പണില്‍ 2003 ലും 2007 ലും ഹെനിന്‍ കിരീടം നേടി.
ടെന്നീസ് ഇതിഹാസം ബില്ലി ജീന്‍ കിംഗ് ആധുനിക കാലത്തെ ഏറ്റവും മികച്ച ടെന്നീസ് താരമായി ഹെനിനെ കരുതുന്നത് അതു കൊണ്ടാകാം. ഏഴ് ഗ്രാന്‍ഡ്സ്ലാമുകള്‍ ഉള്‍പ്പടെ 41 കിരീടങ്ങള്‍ നേടിയ തിളങ്ങുന്ന ടെന്നീസ് കരിയര്‍ നിറുത്താന്‍ ഹെനിന്‍ തുനിയുമ്പോള്‍ അവര്‍ക്ക് പ്രായം 25 ആണെന്നതാണ് പ്രധാന കാര്യം. കരിയറിന്‍റെ മദ്ധ്യത്തില്‍ മടക്കം.
പരുക്കിനു ശേഷം തിരിച്ചു വന്ന ഈ സീസണില്‍ തുടര്‍ച്ചയായി മൂന്ന് പരാജയങ്ങളാണ് ഹെനിനെ വേട്ടയാടിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ഷറപോവയോട് പരാജയപ്പെട്ട ഹെനിന്‍ മിയാമിയില്‍ സറീനയോടും വീണു പോയി. അതിന് പിന്നാലെ കഴിഞ്ഞയാഴ്ച ബര്‍ലിനില്‍ ദിനാറാ സാഫിനയോട് പരാജയപ്പെട്ടത് ആദ്യ റൌണ്ടില്‍ തന്നെയായിരുന്നു.
|