ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വര്‍ദ്ധിത വീര്യത്തോടെ മുംബൈ ഇന്ത്യന്‍സ് ജ്വലിച്ചപ്പോള്‍ ചെന്നൈയ്‌ക്ക് സൂര്യാഘാതമേറ്റു. തുടക്കത്തിലെ തോല്‍വികള്‍ മറന്നുകഴിഞ്ഞ മുംബൈ ഇന്ത്യന്‍സ് ഹോം മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 9 വിക്കറ്റിനു പരാജയപ്പെടുത്തി തുടര്‍ച്ചയായി നാലാമത്തെ വിജയവും സ്വന്തമാക്കി.
ശ്രീലങ്കന്‍ താരം ജയസൂര്യ കത്തിജ്വലിച്ചതാണ് മത്സരത്തിന്‍റെ ഫലം തീരുമാനിച്ചത്. ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്ക് ഉടമയായ ജയസൂര്യ 48 പന്തുകളില്‍ 114 റണ്‍സ് അടിച്ചു കൂട്ടി. ഉജ്വലമായ ഇന്നിംഗ്സില്‍ 11 സിക്സറുകളും 9 ഫോറുകളും ഉണ്ടായിരുന്നു. ഒരറ്റത്ത് സച്ചിനെ കാഴ്ചക്കാരനാക്കിയായിരുന്നു സൂര്യന്‍റെ പ്രകടനം.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 ന് പുറത്താക്കിയായിരുന്നു മുംബൈ ഇന്ത്യന്‍സ് ഉദിച്ചുയര്‍ന്നത്. മറുപടി ബാറ്റിംഗില്‍ 12 റണ്‍സ് എടുത്ത സച്ചിന്‍റെ വിക്കറ്റ് മാത്രം നല്‍കി മുംബൈ കാര്യം സാധിച്ചു. ടീം വിജയത്തിലേക്ക് നടക്കുമ്പോള്‍ ജയസൂര്യയ്‌ക്ക് കൂട്ട് 16 റണ്‍സുമായി റോബിന്‍ ഉത്തപ്പയായിരുന്നു.
ആരാധകര്‍ സ്വപ്‌നം കണ്ടിരുന്നത് പോലെ തന്നെ സച്ചിനും ജയസൂര്യയും ഓപ്പണ്‍ ചെയ്ത ഇന്നിംഗ്‌സില്‍ ജയസൂര്യയുടെ മിന്നലടികളില്‍ പലപ്പോഴും ചെന്നൈ ഫീല്‍ഡര്‍മാര്‍ മാനത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു. വാങ്കഡേ സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് ആവശ്യമായ റണ്‍സ് വിരുന്നു നല്‍കിയാണ് ജയസൂര്യ യാത്രയാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ ബദരീനാഥും നായകന്‍ ധോനിയും നടത്തിയ തകര്‍പ്പനടികള്‍ ജയസൂര്യയുടെ പ്രഭയില്‍ മുങ്ങിപ്പോകുകയായിരുന്നു. 46 റണ്‍സിനു നാല് വിക്കറ്റ് നഷ്ടമായിടത്ത് ബദരീനാഥ് 33 പന്തില്‍ ഏഴ് ബൌണ്ടറിയും രണ്ട് സിക്‍സുമായി 53 റണ്‍സും 6 ഫോറുകളും ഒരു സിക്‍സുമായി 35 പന്തില്‍ 43 റണ്‍സ് എടുത്ത ധോനിയുടെ വെടിക്കെട്ടുമായിരുന്നു പൊരുതാനുള്ള സ്കോറിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എത്തിച്ചത്.
|