പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ചാമ്പ്യന്‍സ് ട്രോഫി09 » ജയിച്ചിട്ടും ഇന്ത്യ തോറ്റ് മടങ്ങി (India out of CT despite win over Windies)
 
PRO
ബാറ്റിംഗിനിറങ്ങും മുന്‍പേ തോറ്റിരുന്നെങ്കിലും വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയവുമായി ഇന്ത്യ മടങ്ങി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആശ്വാസ ജയം നേടിയെന്ന ആശ്വാസമില്ലാതെയാണ് ഇന്ത്യയുടെ മടക്കം. ഒന്നാം റാങ്കുകാരെന്ന പദവിയുമായി ടൂ‍ര്‍ണമെന്‍റിന് എത്തിയ ഇന്ത്യ സെമി പോലും കാണാതെയാണ് പുറത്തായത്.

വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം 32.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നെങ്കിലും അതിനും മുന്‍പേ കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ത്ത് ഓസീസ് വിജയറണ്‍ കുറിച്ചിരുന്നു. പുറത്താവാതെ 79 റണ്‍സ് നേടിയ വിരാട്‌കോലിയാണ് കളിയിലെ താരമായത്.

സെമി സാധ്യത സജീവമാകാന്‍ ഓസീസിന്റെ തോല്‍വി മാത്രമായിരുന്നു ഇന്ത്യയ്ക്ക് ശരണം. ഓസ്‌ട്രേലിയ ജയിച്ചതോടെ പ്രചോദനമൊന്നുമില്ലാതെ ബാറ്റുചെയ്യേണ്ട ഗതികേടിലായി ടീം ഇന്ത്യ. ഓസ്‌ട്രേലിയ തോറ്റാല്‍ സെമി സാധ്യത നിലനിന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യ ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചത്.

നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ തീരുമാനത്തെ ന്യായീകരിക്കുന്ന ബൗളിങ് മികവ് ആക്രമണനിര കാട്ടുകയും ചെയ്തു. പ്രവീണ്‍കുമാറിന്റെയും ആശിഷ് നെഹ്‌റയുടെയും ഹര്‍ഭജന്‍ സിങ്ങിന്റെയും ബൗളിങ് മികവില്‍ ഇന്ത്യ രണ്ടാംനിര താരങ്ങളുമായെത്തിയ വിന്‍ഡീസിനെ 129 റണ്‍സില്‍ ഒതുക്കി.

നെഹ്‌റയും പ്രവീണ്‍കുമാറും മൂന്നു വിക്കറ്റ് വീതമെടുത്തപ്പോള്‍ ഹര്‍ഭജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 23 റണ്‍സെടുത്ത ഡാരന്‍ സമ്മിയായിരുന്നു വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. ഭക്‍ഷ്യവിഷ ബാധമൂലം അവശനായ സച്ചിന്‍ തെണ്ടുല്‍ക്കറെയും ഫോമിലല്ലാത്ത ഫാസ്റ്റ്ബൗളര്‍ ഇഷാന്ത് ശര്‍മയെയും ഒഴിവാക്കിയാണ് ഇന്ത്യ മത്സരിക്കാനിറങ്ങിയത്. സച്ചിന് പകരം ദിനേശ് കാര്‍ത്തിക്കും ഇഷാന്തിനു പകരം അഭിഷേക് നായരും ടീമിലിടംകണ്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍