സെഞ്ചൂറിയന്‍, ചൊവ്വ, 29 സെപ്റ്റംബര്‍ 2009( 19:03 IST )
PRO
ആസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പരുക്ക് മൂലം ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്‍മാറി. ചികിത്സയ്ക്കായി ക്ലാര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങും.
നടുവേദനയാണ് ക്ലാര്‍ക്കിന്‍റെ പ്രശ്നമെന്നും ഇംഗ്ലണ്ടുമായുള്ള പരമ്പര മുതല്‍ തന്നെ ക്ലാര്‍ക്കിന് വേദനയുണ്ടായിരുന്നെന്നും ഓസീസ് ടീം ഫിസിയോ അലെക്സ് കൌണ്‍ടൂറിസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെത്തിയതോടെ വേദന കലശലായതായും പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യത്തിലായിരുന്നു ക്ലാര്‍ക്കെന്നും കൌണ്‍ടൂറിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസിന്‍റെ രണ്ട് കളികളിലും ക്ലാര്‍ക്ക് ഇറങ്ങിയിരുന്നില്ല. വെള്ളിയാഴ്ച പാകിസ്ഥാനുമായിട്ടാണ് ആസ്ട്രേലിയയുടെ ലീഗ് റൌണ്ടിലെ അവസാന മത്സരം. ഈ കളിയില്‍ ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് സെമിയിലെത്താന്‍ കഴിയുള്ളു.
ക്ലാര്‍ക്കിന് പകരം ആരെയാണ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുകയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ തീരുമാനിച്ചിട്ടില്ല. നേരത്തെ ഫാസ്റ്റ് ബൌളര്‍ നഥാന്‍ ബ്രാക്കനും പരുക്ക് മൂലം മടങ്ങിയിരുന്നു.