സെഞ്ചൂറിയന്‍, ചൊവ്വ, 29 സെപ്റ്റംബര്‍ 2009( 19:00 IST )
PRO
ഓസ്ട്രേലിയക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ മഴ കളിച്ചതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ മങ്ങി. ഇനി കണക്കുകളും ഭാഗ്യങ്ങളും ഇന്ത്യയെ രക്ഷിക്കണം. ഓസ്ട്രേലിയക്കെതിരായ മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്‍റ് ലഭിക്കുകയായിരുന്നു. ഇതോടെ ആദ്യ കളി ജയിച്ച് ഓസ്ട്രേലിയയ് മൂന്നു പോയിന്‍റായി. ആദ്യ രണ്ട് കളികളും ജയിച്ച പാകിസ്ഥാന്‍ സെമിയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
നാളെ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ പോലും ഒരുപക്ഷേ ഇന്ത്യ സെമി കണ്ടെന്ന് വരില്ല. പാകിസ്ഥാനെ ഓസ്ട്രേലിയ തോല്‍പ്പിച്ചാല്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിക്കും.
മഴയെത്തുടര്‍ന്നു കളി നിര്‍ത്തുമ്പോള്‍ ഓസീസ് 42.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് എന്ന നിലയിലായിരുന്നു. കനത്ത മഴയില്‍ കളി പുനരാരംഭിക്കാനുള്ള സാധ്യതകള്‍ വിരളമായതോടെ മത്സരം ഉപേക്ഷിക്കാന്‍ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു.
തുടക്കത്തില്‍ മികച്ച ബൌളിംഗ് പ്രകടനം കാഴ്ചവച്ച ഇന്ത്യ പിന്നീട് പതറുകയായിരുന്നു. ടിം പെയ്ന്‍ (56), റിക്കി പോണ്ടിംഗ് (65), മൈക്കല്‍ ഹസി (67) എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളാണ് ഓസീസ് ബാറ്റിംഗ് നിരയില്‍ കരുത്തായത്. മൂന്നാം ഓവറില്‍ തന്നെ നെഹ്‌റ വാട്സനെ(0) പുറത്താക്കി. പിന്നീടെത്തിയ നായകന്‍ റിക്കിപോണ്ടിംഗ് ടിം പെയ്നൊപ്പം ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തുകയായിരുന്നു.