പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ചാമ്പ്യന്‍സ് ട്രോഫി09 » ഇക്കുറിയും ദക്ഷിണാഫ്രിക്കയ്ക്ക് നിരാശ (South africa again faces a disappointing ICC Event)
 
ഹോം ഗ്രൌണ്ടിന്‍റെ ആനുകൂല്യത്തില്‍ കിരീടമോഹവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിരാശയോടെ മടങ്ങാം. ഗ്രൂപ്പ് ലെവലിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെയാണ് സ്മിത്തിനും കൂട്ടര്‍ക്കും സെമി കാണാതെ പുറത്താകേണ്ടിവന്നത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 323 റണ്‍സ് ലക്‍ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ സ്മിത്തിന്‍റെ പോരാട്ടത്തിലൂടെ (134 പന്തില്‍ നിന്ന് 141 റണ്‍സ്) ലക്‍ഷ്യത്തിനടുത്ത് വരെയെത്തിയെങ്കിലും 22 റണ്‍സിന് ഒടുവില്‍ പരാജയം സമ്മതിക്കുകയായിരുന്നു. ബൌളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും നിറഞ്ഞുനിന്ന ഇംഗ്ലീഷ് ആധിപത്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക മുട്ടുമടക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഒവേയ്സ് ഷായുടെയും കോളിംഗ്‌വുഡിന്‍റെയും മോര്‍ഗന്‍റെയും ഇന്നിംഗ്സുകളാണ് കൂറ്റന്‍ സ്കോര്‍ നേടാന്‍ സഹായകമായത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സ്ട്രോസിന്‍റെയും (37 പന്തില്‍ നിന്ന് 25) ഡെന്‍‌ലിയുടെയും (25 പന്തില്‍ നിന്ന് 21) വിക്കറ്റുകള്‍ ആദ്യമേ നഷ്ടമായി. തുടര്‍ന്നാണ് ഷായും കോളിംഗ്‌വുഡും ക്രീസില്‍ ഒന്നിച്ചത്. സെഞ്ച്വറിയുടെ വക്കിലാണ് (89 പന്തില്‍ നിന്ന് 98) ഷാ പുറത്തായത്. ബോതയുടെ പന്തില്‍ കീപ്പര്‍ ബൌച്ചര്‍ പിടികൂടുകയായിരുന്നു.

കോളിംഗ്‌വുഡ് 82 ഉം മോര്‍ഗന്‍ 67 റണ്‍സുമെടുത്തു. ആതിഥേയര്‍ക്ക് വേണ്ടി പാര്‍ണെല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബോത രണ്ട് വിക്കറ്റുകളും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സ്മിത്തിന് ഒഴികെ മറ്റാര്‍ക്കും ഒന്നും ചെയ്യാനായില്ല.കൂറ്റന്‍ ഷോട്ടുകളുടെ പ്രതീക്ഷയുണര്‍ത്തിയെങ്കിലും 22 റണ്‍സെടുത്ത ഗിബ്സ് ആണ് ആദ്യം പുറത്തായത്. തുടര്‍ന്നെത്തിയ കാലിസിന് 12 റണ്‍സുമായി മടങ്ങേണ്ടിവന്നു.

പിന്നീടെത്തിയ ഡിവില്ലേഴ്സും ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ക്ക് പ്രതീക്ഷ പകര്‍ന്നു. എന്നാല്‍ ഇരുപത്തിയഞ്ചാം ഓവറില്‍ കോളിംഗ്‌വുഡിന്‍റെ പന്തില്‍ ഡെന്‍‌ലിക്ക് പിടികൊടുത്ത് ഡിവില്ലേഴ്സിന് മടങ്ങേണ്ടിവന്നു. 41 പന്തില്‍ നിന്ന് 36 റണ്‍സായിരുന്നു കോളിംഗ്‌വുഡ് നേടിയത്.

തുടര്‍ന്ന് മുപ്പത്തിയാറാം ഒവറില്‍ 24 റണ്‍സുമായി ക്യാപ്റ്റന് ശക്തമായ പിന്തുണ നല്‍കി നിന്ന ഡൂം‌മ്നിയെയും സ്വാന്‍ മടക്കിയയച്ചു. ഇതോടെ എല്ലാ ഉത്തരവാദിത്വവും ഒരറ്റത്ത് നിന്ന സ്മിത്തിന്‍റെ ചുമലിലായി. നാല്‍‌പത്തിനാലാം ഓവറില്‍ രണ്ട് വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. 17 റണ്‍സെടുത്ത മോര്‍ക്കല്‍ റണ്ണൌട്ടിലൂടെ പുറത്തായപ്പോള്‍ പകരമെത്തിയ ബോതയെ തൊട്ടടുത്ത പന്തില്‍ ബ്രോഡ് ഒനിയന്‍സിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു.

33 പന്തില്‍ നിന്ന് 69 റണ്‍സായിരുന്നു ജയിക്കാനായി ദക്ഷിണാഫ്രിക്കയ്ക്ക് അപ്പോള്‍ വേണ്ടിയിരുന്നത്. അടുത്ത രണ്ടു പന്തില്‍ ബ്രോഡിനെ സ്മിത്ത് അതിര്‍ത്തികടത്തി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ മെര്‍വ്വെയുടെ വിക്കറ്റും തെറിച്ചതോടെ ദക്ഷിണാഫ്രിക്ക കൂടുതല്‍ പ്രതിസന്ധിയിലായി. നാല്‍‌പത്തിയാറാം ഓവറില്‍ ഏക പ്രതീക്ഷയായ സ്മിത്തും മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പരാജയം ഉറപ്പിച്ചു. ബ്രോഡിന്‍റെ പന്തില്‍ ഷാ സ്മിത്തിനെ കൈകളില്‍ ഒതുക്കുകയായിരുന്നു.

അവസാന വിക്കറ്റ് കൂട്ടുകെട്ടായിരുന്ന സ്റ്റെയ്നും പാര്‍ണെലും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ വിഫലശ്രമം നടത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ഒടുവില്‍ അമ്പത് ഓവറില്‍ 301 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിച്ചു. ഒവേയ്സ് ഷായാണ് മാന്‍ ഓഫ് ദ മാച്ച്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍