പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ചാമ്പ്യന്‍സ് ട്രോഫി09 » തന്ത്രങ്ങളില്ലാതെ ഇന്ത്യ: തലയെടുപ്പോടെ പാകിസ്ഥാന്‍ (Pakistan beat India by 54 runs)
 
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. പാകിസ്ഥാനോട് 54 റണ്‍സിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. പാകിസ്ഥാന്‍റെ ടീം വര്‍ക്കിന് മുന്നില്‍ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു.

ടോസിന്‍റെ ആനുകൂല്യത്തില്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് തിരിച്ചടികളോടെയായിരുന്നു തുടക്കം. നാലാമത്തെ ഓവറില്‍ 20 റണ്‍സെടുത്ത ഇമ്രാന്‍ നസീറിനെ പുറത്താക്കി നെഹ്‌റ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടി. എട്ടാം ഓവറില്‍ 19 റണ്‍സെടുത്ത കമ്രാന്‍ അക്‍മലിന്‍റെ വിക്കറ്റും നെഹ്‌റ വീഴ്ത്തി. അമ്പത്തിമൂന്ന് റണ്‍സായിരുന്നു അപ്പോള്‍ പാകിസ്ഥാന്‍റെ സമ്പാദ്യം.

പതിന്നാലാം ഓവറില്‍ പാകിസ്ഥാന്‍റെ സ്കോര്‍ 64 ല്‍ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ യൂനിസ് ഖാനെ ആര്‍പി സിങ് കീപ്പര്‍ ധോനിയുടെ കൈയ്യിലെത്തിച്ചു. പിന്നീടായിരുന്നു കളി പാകിസ്ഥാന്‍ നിയന്ത്രണത്തിലാക്കിയത്. ക്രീസില്‍ ഒന്നിച്ച ഷോയിബ് മാലിക്കും മൊഹമ്മദ് യൂസഫും വിക്കറ്റ് കളയാതെ ക്രീസില്‍ നിലയുറപ്പിച്ചു. ക്ഷമയോടെ ഇന്ത്യന്‍ ബൌളര്‍മാരെ നേരിട്ട മാലിക് സെഞ്ച്വറി നേടിയാണ് പുറത്തായത്. 126 പന്തില്‍ നിന്ന് 128 റണ്‍സാണ് മാലിക് നേടിയത്. മാലികിന് മികച്ച പിന്തുണ നല്‍കി യൂസഫും ക്രീസില്‍ ഉറച്ചുനിന്നു. 88 പന്തില്‍ നിന്ന് 87 റണ്‍സാണ് യൂസഫിന്‍റെ സംഭാവന. നാല്‍‌പത്തിയഞ്ചാം ഓവറില്‍ യൂസഫ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. വാലറ്റ നിരയെ എറിഞ്ഞിടാന്‍ ഇന്ത്യയ്ക്ക് വേഗം കഴിഞ്ഞെങ്കിലും പാകിസ്ഥാന്‍ സ്കോര്‍ 302 റണ്‍സിനാണ് അവസാനിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സച്ചിനെ ആദ്യം നഷ്ടമായെങ്കിലും മികച്ച തുടക്കമാണ് ലഭിച്ചത്. മൊഹമ്മദ് ആമിറിന്‍റെ അപകടകരമായ ഒരു പന്തില്‍ സച്ചിനെ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്‍മല്‍ കയ്യിലൊതുക്കുകയായിരുന്നു. ദ്രാവിഡാണ് പിന്നീടിറങ്ങിയത്. ദ്രാവിഡും ഗംഭീറും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും ഗംഭീറിന്‍റെ അപ്രതീക്ഷിത റണ്‍ ഔട്ട് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി. 46 പന്തില്‍ നിന്ന് 57 റണ്‍സായിരുന്നു ഗംഭീറിന്‍റെ സംഭാവന.

തുടര്‍ന്നിറങ്ങിയ വിരാട് കൊഹ്‌ലി ഈ മത്സരത്തിലും നിരാശപ്പെടുത്തി. 24 പന്തില്‍ നിന്ന് 16 റണ്‍സ് മാത്രമാണ് കൊഹ്‌ലിക്ക് നേടാനായത്. അപ്പോഴും ഒരറ്റത്ത് വന്‍ മതിലായി ദ്രാവിഡ് ഉറച്ചുനിന്നു. കൊഹ്‌ലിക്ക് പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ധോനിയെ ഷാഹിദ് അഫ്രീദി വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ ഇന്ത്യ പതുക്കെ പ്രതിരോധത്തിലേക്ക് വലിഞ്ഞുതുടങ്ങി. 9 പന്തില്‍ നിന്ന് 3 റണ്‍സ് മാത്രമാണ് ധോനിക്ക് കണ്ടെത്താനായത്.

റെയ്നയുടെ വെടിക്കെട്ട് ഷോട്ടുകളിലൂടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളച്ചു. മുപ്പത്തിനാലാം ഓവറില്‍ റെയ്നയെ അജ്മല്‍ എല്‍ബിയിലൂടെ പുറത്താക്കിയതോടെ ഈ പ്രതീക്ഷയും അസ്തമിച്ചു. 41 പന്തില്‍ നിന്ന് 5 ഫോറും 2 സിക്സുമടക്കം 46 റണ്‍സാണ് റെയ്ന നേടിയത്. ഇന്ത്യന്‍ മധ്യനിരയില്‍ യുവരാജിനെ പോലുള്ള ഒരു പരിചയസമ്പന്നന്‍റെ അഭാവം ബോധ്യപ്പെട്ട ഓവറുകളായിരുന്നു പിന്നീട്.

നാല്‍‌പത്തിയൊന്നാം ഓവറില്‍ ദ്രാവിഡും റണ്‍ ഔട്ടിലൂടെ പുറത്തായതോടെ ഇന്ത്യയുടെ ചെറുത്തുനില്‍‌പ് പൂര്‍ണ്ണമായും അവസാനിച്ചു. 48 പന്തില്‍ നിന്ന് 65 റണ്‍സായിരുന്നു കളി ജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ബാറ്റിംഗിന്‍റെ ബാലപാഠങ്ങള്‍ പോലും മറന്ന പ്രകടനമായിരുന്നു വാലറ്റ നിരയുടേത്. ഇഷാന്ത് ശര്‍മ്മയും നെഹ്‌റയും അവസാന വിക്കറ്റുകളില്‍ സം‌പൂജ്യരാ‍യി മടങ്ങി. യൂസഫ് പത്താന്‍ അഞ്ച് റണ്‍സിനും ഹര്‍ഭജന്‍ 13 റണ്‍സിനും ആര്‍‌പി സിങ് 2 റണ്‍സിനും പുറത്തായി. നാല്‍‌പത്തിനാലാം ഓവറില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 248 റണ്‍സിന് അവസാനിച്ചു. ഷോയിബ് മാലിക് ആണ് മാന്‍ ഓഫ് ദ മാച്ച്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍