പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ചാമ്പ്യന്‍സ് ട്രോഫി09 » പാകിസ്ഥാനെ വിറപ്പിച്ച് വിന്‍ഡീസ് രണ്ടാം നിര (Pakistan beat West Indies by 5 wickets)
 
PRO
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ വിറപ്പിച്ച് വെസ്റ്റിന്‍ഡീസ് കീഴടങ്ങി. ബോര്‍ഡുമായുള്ള പ്രശ്നങ്ങള്‍ മൂലം മുന്‍ നിര താരങ്ങളെ ഒഴിവാക്കി എത്തിയ വിന്‍ഡീസിന്‍റെ രണ്ടാം നിരയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയമില്ലായ്മയാണ് വെല്ലുവിളിയായത്. അഞ്ച് വിക്കറ്റുകള്‍ക്കായിരുന്നു പാകിസ്ഥാന്‍റെ വിജയം.

ടോസിന്‍റെ ആനുകൂല്യത്തില്‍ ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് കാര്യമായൊന്നും ചെയ്യാനായില്ല. 51 റണ്‍സ് നേടിയ മില്ലര്‍ മാത്രമാണ് അല്‍‌പം പിടിച്ചുനിന്നത്. 25 റണ്‍സെടുത്ത സമ്മിയാണ് വിന്‍ഡീസിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറര്‍. ഓപ്പണിംഗ് കൂട്ടുകെട്ടിലിറങ്ങിയ റിച്ചാര്‍ഡ്സും (4 പന്തില്‍ നിന്ന് 1) ഫ്ലെച്ചറും (14 പന്തില്‍ നിന്ന് 7) ആദ്യമേ കീഴടങ്ങി. തുടര്‍ന്നിറങ്ങിയ സ്മിത്ത് ചെറിയ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഉമര്‍ ഗുല്ലിന്‍റെ പന്തില്‍ ഉമര്‍ അക്‍മലിന് പിടികൊടുത്ത് മടങ്ങി. 28 പന്തില്‍ നിന്ന് 18 റണ്‍സാണ് സ്മിത്തിന്‍റെ സംഭാവന. മറ്റ് വിന്‍ഡീസ് താരങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 34.3 ഓവറില്‍ 133 റണ്‍സിന് വിന്‍ഡീസ് പുറത്തായി.

മൊഹമ്മദ് ആമെറും ഉമര്‍ ഗുല്ലുമായിരുന്നു വിന്‍ഡീസ് താരങ്ങളെ വട്ടം കറക്കിയത്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. സയ്യീദ് അജ്മല്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ചെറിയ ലക്‍ഷ്യമെന്ന് വിലയിരുത്തി മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ടോങ്ഗെയുടെ ബൌളിംഗ് കൃത്യതയ്ക്ക് മുന്നില്‍ അല്‍‌പം വിറച്ചു. 30 ഓവറുകള്‍ എടുത്താണ്. പാകിസ്ഥാന്‍ ലക്‍ഷ്യം മറികടന്നത്. നാല് വിക്കറ്റുകളാണ് ടോങ്ഗെ നേടിയത്. 41 റണ്‍സെടുത്ത ഉമര്‍ അക്‍മലാണ് പാകിസ്ഥാന് തുണയായത്. വിജയലക്‍ഷ്യമടുത്തപ്പോള്‍ വിക്കറ്റ് കളയാതെ ക്രീസില്‍ നിന്ന് അഫ്രീദിയും അക്‍മലിന് ഉറച്ച പിന്തുണ നല്‍കി. 25 പന്തില്‍ നിന്ന് അഫ്രീദി 17 റണ്‍സ് എടുത്തു. ഷോയിബ് മാലിക്കും മൊഹമ്മദ് യൂസഫും 23 റണ്‍സ് വീതം നേടി. ഉമര്‍ അക്മലാണ് മാന്‍ ഓഫ് ദ മാച്ച്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍