ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ലേഖനങ്ങള്‍ » ശ്രീശാന്ത് നമ്മുടെ പ്രതീക്ഷ കാക്കുമോ? (Can Sreesanth keep the hope)
Feedback Print Bookmark and Share
 
PRO
പത്തൊമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം എസ് ശ്രീശാന്തിന്‍റെ മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വാതില്‍ വീണ്ടും തുറക്കപ്പെടുകയാണ്. ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീമിന്‍റെ കൂടാരത്തിലെത്തുമ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നിലര്‍പ്പിച്ച പ്രതീക്ഷ കാക്കാന്‍ ശ്രീശാന്തിനാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രീശാന്തിന്‍റെ തിരിച്ചുവരവെന്ന് നിസ്സംശയം പറയാം. കളിക്കളത്തിലെ പ്രകടനത്തെക്കാള്‍ ഉപരി പെരുമാറ്റദൂ‍ഷ്യത്തിന്‍റെ പേരിലാണ് ഈ യുവതാരം കൂടുതലും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ ശ്രീശാന്തിന് മുന്നില്‍ ഇത്രയും നാള്‍ അടഞ്ഞുകിടക്കാന്‍ ഒരു പ്രധാന കാരണവും ഇത് തന്നെയായിരുന്നു.

ഒടുവില്‍ സഹികെട്ട് അടുത്തിടെ അവസാന മുന്നറിയിപ്പ് വരെ ബിസിസിഐക്ക് നല്‍കേണ്ടിവന്നു. ശ്രീശാന്ത് ഇനി ടീമിന്‍റെ പടിവാതില്‍ കാണില്ലെന്ന് വരെ അഭിപ്രായപ്രകടങ്ങള്‍ ഉണ്ടായി. എന്നാല്‍ ഒരിക്കല്‍ കൂടി ഈ താരത്തെ പരീക്ഷിക്കാന്‍ ബിസിസിഐ തയ്യാറായിരിക്കുന്നു.

അടുത്തിടെ നടന്ന പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ ഭേദപ്പെട്ട മാര്‍ക്കാണ് ശ്രീശാന്തിന് ലഭിക്കുക. അതിലുപരി ഇന്ത്യന്‍ ബൌളിംഗിന്‍റെ ദയനീയാവസ്ഥ വിളിച്ചോതുന്നതായിരുന്നു അടുത്തിടെ നടന്ന ഏകദിന മത്സരങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലും നിലവില്‍ ഓസീസുമായി നടന്നുകൊണ്ടിരിക്കുന്ന ഏകദിനപരമ്പരയിലും ഒരു മികച്ച ബൌളറുടെ അഭാവം ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. ബൌളിംഗിന്‍റെ നിലത്തെഴുത്തു പാ‍ഠങ്ങള്‍ പോലും മറന്നുപോയ ദയനീയ പ്രകടനമാണ് പലരും പുറത്തെടുത്തത്.

വാസ്തവത്തില്‍ ജവഗല്‍ ശ്രീനാഥിന്‍റെയും വെങ്കടേഷ് പ്രസാദിന്‍റെയും അത്രപോലും നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ ബൌളര്‍മാര്‍ ഇന്നും നമുക്കില്ലെന്ന് കാണാം. ഇന്ത്യന്‍ ബൌളിംഗിന്‍റെ കൃത്യതയും കൂര്‍മ്മതയുമൊക്കെ ആകസ്മികമായി സംഭവിക്കുന്ന ഒന്നായി മാറി. കുറച്ചുകാലമാണെങ്കിലും ദേശീയ ടീമില്‍ കളിച്ച മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനമാണ് ശ്രീശാന്ത് നടത്തിയത്.

ഇംഗ്ലണ്ടിനെതിരെ 55 റണ്‍സ് വിട്ടുനല്‍കി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനവും 2006 ജൂണില്‍ ആന്‍റിഗ്വയില്‍ വിന്‍ഡീസിനെതിരെ രാംനരേശ് സര്‍വനെയും ബ്രെയ്ന്‍ ലാറയെയും പൂജ്യത്തിന് പുറത്താക്കിയതും തുടര്‍ന്ന് ജമൈക്കയിലെയും ദക്ഷിണാഫ്രിക്കയിലെയും അഞ്ച് വിക്കറ്റ് നേട്ടങ്ങളുമെല്ലാം പരിശോധിച്ചാല്‍ ശ്രീശാന്ത് എന്ന ബൌളറുടെ പ്രഹരശേഷി മനസിലാക്കാം.

റണ്ണൊഴുക്ക് തടയുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടിരുന്നെങ്കിലും ആക്രമണ ബൌളിംഗിലൂ‍ടെ നിര്‍ണ്ണായക അവസരങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ശ്രീശാന്തിനായിരുന്നു. അടുത്തിടെ നടന്ന ഇറാനി കപ്പിലും ചലഞ്ചര്‍ സീരീ‍സിലും ശ്രീ ഭേദപ്പെട്ട പ്രകടനവും നടത്തി. കൌണ്ടി ക്ലബ്ബായ വാര്‍വിക്‍ഷേറിന് വേണ്ടി ഈ സീസണില്‍ കളിച്ച ശ്രീശാന്ത് 22 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

എന്നാല്‍ കളിക്കളത്തിലെ പെരുമാറ്റത്തില്‍ ഈ താരം ഇനിയും പക്വത കൈവരിച്ചിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങളും തെളിയിക്കുന്നത്. അഹങ്കാരത്തിന്‍റെ ഛായയുള്ള ശ്രീശാന്തിന്‍റെ ആഹ്ലാദപ്രകടനങ്ങള്‍ പലവുരു നമ്മള്‍ ലൈവായി കണ്ടിട്ടുള്ളതാണ്. അടുത്തിടെ ഇറാനി കപ്പില്‍ മുംബൈയുടെ ധവാല്‍ കുല്‍ക്കര്‍ണ്ണിയെ ചീത്തവിളിച്ചതിന് ശ്രീയ്ക്ക് മാച്ച് ഫീയുടെ അറുപത് ശതമാനം പിഴ വിധിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ശ്രീശാന്തിന് ബിസിസിഐ അന്തിമ മുന്നറിയിപ്പ് നല്‍കിയത്.

അടുത്തിടെ ഈ താരത്തിന്‍റെ അച്ചടക്കമില്ലായ്മ അക്കമിട്ടു നിരത്തിക്കൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ വാര്‍ത്താസമ്മേളനവും ക്രിക്കറ്റ് ആരാധകര്‍ മറന്നുകാണില്ല. അതുകൊണ്ടുതന്നെ ഇനി ഒരു വീഴ്ച കൂടി ഉണ്ടായാല്‍ ശ്രീശാന്തിന്‍റെ കരിയര്‍ തന്നെ വെള്ളത്തിലാകുമെന്ന് നിസ്സംശയം പറയാം. ഇത് മനസിലിരുത്തി ശ്രീശാന്ത് ഇനിയെങ്കിലും പെരുമാറുമോ എന്നത് കാത്തിരുന്നു കാണാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍