അഞ്ച് ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്തര്‍ദേശീയ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാതെ അവിരാമം തന്റെ ‘കളി’ തുടരുന്നതിനെതിരെ ക്രിക്കറ്റ് ആരാധകര്‍ ഇന്റര്‍നെറ്റ് ഫോറങ്ങളിലും ബ്ലോഗുകളിലും നടത്തുന്ന ആക്രമണം മൂര്‍ച്ഛിക്കുന്നു. ഇന്ത്യാ - ഓസ്ത്രേലിയ പരമ്പരയില്‍ സച്ചിന്റെ ‘റിയല്‍ പെര്‍ഫോര്‍മന്‍സ്’ കണ്ടതോടെ ക്രിക്കറ്റ് പ്രേമികളുടെ സച്ചിന്‍ വിരോധം ആളിക്കത്തുകയാണ്.
ക്രിക്കറ്റ് മാസ്റ്ററോ എന്ന് ലോകം മുഴുവനും അറിയപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പ്രതിഭാസം 1989-ല്‍ പാകിസ്ഥാനെതിരെയുള്ള പരമ്പരയിലാണ് ആദ്യമായി അന്തര്‍ദേശീയ കളത്തില്‍ ഇറങ്ങുന്നത്. ശ്രീകാന്ത്, അസറുദ്ദീന്‍, ഗാംഗുലി, ദ്രാവിഡ്, ധോനി തുടങ്ങിയ ക്യാപ്റ്റന്മാരുടെ കീഴില്‍ കളിച്ചിട്ടുള്ള സച്ചിന്‍ ഇടക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായും അവരോധിക്കപ്പെട്ടിരുന്നു.
154 ടെസ്റ്റ് മാച്ചുകളില്‍ നിന്ന് 12,773 റണ്ണും 434 ഏകദിനങ്ങളില്‍ നിന്ന് 16,993 റണ്ണും എടുത്ത് റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുള്ള താരമാണ് സച്ചിന്‍. നിരവധി മത്സരങ്ങളില്‍ സച്ചിന്‍ എന്ന താരം അഭൂതപൂര്‍വമായ കൈക്കരുത്തിനാല്‍ ഇന്ത്യന്‍ ടീമിന് വിജയം നേടിക്കൊടുത്ത് കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റില്‍ ഇരുപത് വര്‍ഷക്കാലമായി നിറഞ്ഞുനിന്നിരുന്ന ഈ താരത്തിന്റെ ‘സംഗതി’ തീര്‍ന്നുവെന്നാണ് ഇപ്പോഴത്തെ ആരോപണം!
തന്റെ ‘സംഗതി’ തീര്‍ന്നുവെന്ന് സമ്മതിച്ച് തരാന്‍ സച്ചിന്‍ ഒരുക്കമല്ല. താനിപ്പോഴും ‘പെര്‍ഫെക്റ്റ് ഫിറ്റ്’ ആണെന്നാണ് സച്ചിന്റെ വാദം. സച്ചിന്റെ കൂടെ കളിക്കുന്ന മറ്റ് താരങ്ങളും ക്രിക്കറ്റ് സെലക്ഷന്‍ കമ്മറ്റിയും ഒരേ സ്വരത്തില്‍ പറയുന്നു, ‘സച്ചിന്‍ ഈസ് ദ ബെസ്റ്റ്’ എന്ന്!
എന്നാല്‍ സച്ചിന്റെ ഇതുവരെയുള്ള കരിയര്‍ ശ്രദ്ധിച്ചിട്ടുള്ള ആര്‍ക്കും മനസിലാകും ‘സംഗതി’ പഴയതുപോലെ അല്ലെന്ന്. ഈയടുത്ത കാലത്ത് കളിച്ച മത്സരങ്ങളില്‍ വല്ലപ്പോഴുമാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ സച്ചിന്‍ കഴിഞ്ഞിരിക്കുന്നത്. എതിര്‍ ടീം ദയനീയ ഫോമിലാണെങ്കില്‍ മാത്രം സച്ചിന്‍ ഫോമിലാകുമെന്നാണ് എതിരാളികള്‍ വിമര്‍ശിക്കുന്നത്!
ഒരു പരമ്പരയില്‍ കളിക്കാന്‍ ഇറങ്ങുന്ന സച്ചിനെ അടുത്ത പരമ്പരയില്‍ കണികാണാന്‍ കിട്ടില്ല. കാരണം വിശ്രമത്തിലായിരിക്കും ഈ താരം! റെക്കോര്‍ഡിടാന്‍ മാത്രമാണ് സച്ചിന്‍ കളിക്കളത്തില്‍ ഇറങ്ങുന്നത് എന്നാണ് മറ്റൊരാരോപണം.
ഇന്ത്യാ - ഓസ്ത്രേലിയ പരമ്പരയില്‍ സച്ചിന്റെ ദയനീയ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശയില്‍ ആഴ്ത്തിയിരുന്നു. ആദ്യ മത്സരത്തില്‍ 14 റണ്ണും രണ്ടാമത്തെ മത്സരത്തില്‍ 4 റണ്ണും മൂന്നാമത്തെ മത്സരത്തില്‍ 32 റണ്ണുമാണ് സച്ചിന്‍ എടുത്തത്. പഴയ സച്ചിനല്ല ഇപ്പോള്‍ കളിക്കളത്തില്‍ ഇറങ്ങുന്നതെന്ന് ക്രിക്കറ്റ് പ്രേമികള്‍ ആരോപിക്കുന്നതില്‍ സത്യം ഇല്ലാതില്ല.
പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഏറ്റവുമധികം റണ്ണുകളെടുത്ത ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സച്ചിന്‍ സ്വന്തമാക്കിയെങ്കിലും ‘ആമയിഴഞ്ചാന്‍’ കളിയായിരുന്നു സച്ചിന്റേതെന്ന് സത്യം മാത്രം! 68 പന്തുകളില്‍ നിന്ന് 6 ബൌണ്ടറിയടക്കം 40 റണ്ണുകളാണ് സച്ചിന്‍ എടുത്തത്. 7 റണ്ണുകള്‍ കൂടി എടുത്തിരുന്നുവെങ്കില്‍ ഏകദിന മത്സരങ്ങളില്‍ നിന്നുള്ള മൊത്തം സ്കോര്‍ പതിനേഴായിരമാക്കാന്‍ സച്ചിന് കഴിയുമായിരുന്നു എന്നാണ് മാധ്യമങ്ങള്‍ എഴുതിയത്.
എന്നാല്‍, നെറ്റിലെ ഫോറങ്ങളിലും ബ്ലോഗുകളിലും ‘സച്ചിന്‍ വിരോധികള്‍’ ചോദിക്കുന്നത് സച്ചിന് നഷ്ടപ്പെട്ട പതിനേഴായിരം റണ്ണുകള്‍ എന്ന മാജിക്ക് സംഖ്യയെ പറ്റിയല്ല. അവരുടെ ചോദ്യങ്ങള്‍ ഇവയാണ് - പരമ്പരയില്‍ ഉത്തരവാദിത്തമാര്‍ന്നൊരു കളിയാണോ സച്ചിന്‍ കാഴ്ചവച്ചത്? ഇന്ത്യന്‍ ടീമിനെ വിജയിപ്പിക്കാന്‍ സച്ചിന്റെ ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടായിരുന്നോ? ഈ ചോദ്യങ്ങളുടെ ഉത്തരം ‘ഇല്ല’ എന്നാണെങ്കില്‍ സച്ചിന്റെ സംഗതി തീര്‍ന്നെന്നുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വരില്ലേ?