കളിച്ചത് സിംബാബ്‌വേയോടാണെങ്കിലും കടുവകളുടെ ശൌര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഇരയെ കടിച്ചു കീറുന്ന വീര്യത്തോടെ സിംബാബ്‌വേയെ കടിച്ചു കീറിയ ബംഗ്ലാദേശ് വെറും 44 റണ്‍സിന് അവരെ പുറത്താക്കി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായി.
എന്നാല്‍ മറുപടി ബാറ്റിംഗില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കടുവകള്‍ ഈ ചെറിയ സ്കോര്‍ മറികടന്നത്. ഇതു തന്നെയാണ് ബംഗ്ലാ കടുവകളുടെ സ്വഭാവം. ആരെയും വിറപ്പിക്കും. പിന്നെ അരോടും വിയര്‍ക്കും.
തങ്ങളുടേതായ ദിവസം ഇന്ത്യയും ഓസ്ട്രേലിയയും പാകിസ്ഥാനുമൊന്നും കടുവകള്‍ക്ക് ഒരു ഇരയേ അല്ല. അജയ്യരെന്ന അഹങ്കാരവുമായി തങ്ങളെ നേരിട്ടവരുടെ അത്മാഭിമാനത്തിന് കടുവകള്‍ പരമാവധി മുറിവേല്‍പ്പിച്ചേ വിട്ടിട്ടുള്ളൂ. ഒരു കാലത്ത് ലോക ക്രിക്കറ്റില്‍ അജയ്യരെന്ന് മുദ്രകുത്തപ്പെട്ട വെസ്റ്റിന്‍ഡീസ് സംഘമാണ് കടുവകളുടെ ശൌര്യം അവസാനം അറിഞ്ഞത്.
വിന്‍ഡീസ് രണ്ടാം നിരയോടാണെങ്കിലും ചരിത്രത്തില്‍ ആദ്യമായി വിന്‍ഡീസ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയെന്ന മോഹം സാക്ഷാത്കരിക്കാന്‍ ബംഗ്ലാ ക്യാപ്റ്റന്‍ ഷകീബ് അല്‍ ഹസനും സംഘത്തിനും കഴിഞ്ഞത് ബംഗ്ലാ ക്രിക്കറ്റിലെ തിളങ്ങുന്ന അധ്യായമാണ്.
മുഹമ്മദ് അഷ്‌റഫുള്‍ എന്ന ഒറ്റ ബാറ്റ്സ്മാനെ ചുറ്റിപ്പറ്റിയായിരുന്നു ഇതുവരെയും ബംഗ്ലാ ക്രിക്കറ്റിന്‍റെ ബാറ്റിംഗ് പ്രതീക്ഷകളെങ്കില്‍ ഇന്ന് തമീം ഇഖ്ബാലും ജുനൈദ് സീദീഖിയും ഷകീബുള്‍ ഹസനുമെല്ലാം ബംഗ്ലാദേശിനായി കളി ജയിപ്പിക്കാന്‍ പോന്നവരാണ്.
അതെ. തോല്‍ക്കാനായി ജനിച്ചവര്‍ എന്ന നാണക്കേടില്‍ നിന്ന് ബംഗ്ലാ ക്രിക്കറ്റ് പതുക്കെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. ആദ്യം വെസ്റ്റിന്‍ഡീസ്, ഇപ്പോള്‍ ചെറുമീനുകളെങ്കിലും സിംബാബ്‌വെ. വിജയകുതിപ്പ് തുടരുന്ന ബംഗ്ലാ കടുവകള്‍ ഏഷ്യയിലെ ക്രിക്കറ്റ് ശക്തികള്‍ക്ക് ഭീഷണിയാവുമോ. അതോ എന്നത്തെയും പോലെ മോഹിപ്പിക്കുന്ന ഒരു പ്രകടനത്തിനുശേഷം ആരാധകരെ വീണ്ടും മോഹാലസ്യപ്പെടുത്തുമോ. നമുക്ക് കാത്തിരിക്കാം.