ക്രിക്കറ്റ് ലോകത്തെ അതികായന്‍മാരുടെ മുന്നില്‍ എന്നും വെല്ലുവിളി ഉയര്‍ത്താന്‍ വിഭവശേഷിയുള്ള രാജ്യമായിരുന്നു പാകിസ്ഥാന്‍. ലോകോത്തര നിലവാരമുള്ള ബൌളര്‍മാരെയും ബാറ്റ്സ്‌മാന്‍മാരെയും കാലാകാലങ്ങളില്‍ അവര്‍ ലോക ക്രിക്കറ്റിന് നല്‍കിയിട്ടുണ്ട്. പക്ഷെ ചീഞ്ഞളിഞ്ഞ പിന്നാമ്പുറക്കഥകള്‍ പാക് ക്രിക്കറ്റിന്‍റെ അന്തകനായി എന്നും കൂടെയുണ്ടായിരുന്നു. ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ചാമ്പ്യന്‍സ് ലീഗിലുയര്‍ന്ന കോഴ വിവാദം.
ക്രിക്കറ്റ് ലോകത്തെ കോഴ വിവാദങ്ങളില്‍ എന്നും പാകിസ്ഥാന്‍റെ പേരും വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. ക്രിക്കറ്റെന്ന പണഭൂമിയില്‍ നിന്ന് നേരായ വഴിക്ക് അവകാശികള്‍ പണം കൊയ്യുമ്പോള്‍ ബാക്കിയാകുന്ന എച്ചില്‍ കൊത്തിപ്പെറുക്കാന്‍ കഴുകന്‍ കണ്ണുകളുമായി വട്ടമിട്ട് പറന്ന ഇടനിലക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളെ നല്‍കിയത് പാകിസ്ഥാനായിരുന്നു. ഒരുപക്ഷെ സ്വന്തം മണ്ണിലെയും ടീമിലെയും അസ്ഥിരതകളാകാം പാക് കളിക്കാരെ വളരെ വേഗം ഈ വലയില്‍ കുടുക്കുന്നത്.
1995 ല്‍ കോഴ ആരോപണവിധേയനായ സലിം മാലിക് മുതല്‍ ഇന്ന് യൂനിസ് ഖാന്‍ വരെ ഇത്തരം ആരോപണങ്ങളുടെ ഇരകളായിരുന്നുവെന്ന് പറയാതെ വയ്യ. ഇന്ത്യന്‍ ക്രിക്കറ്റ് ലോകവും ഇതില്‍ നിന്ന് മുക്തമല്ലായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ കളിക്കാരെ പൂര്‍ണ്ണമായി വരുതിയില്‍ നിര്‍ത്താന്‍ ഒരുപക്ഷെ നമുക്ക് ആകുന്നുണ്ടാകാം. പക്ഷെ നമ്മുടെ കളിക്കാരെ നിയന്ത്രിച്ചതുകൊണ്ട് മാത്രം ക്രിക്കറ്റ് കോഴയില്‍ ഇന്ത്യയുടെ കൈകള്‍ പരിശുദ്ധമാകുന്നില്ലെന്നതാണ് സത്യം. കാരണം ക്രിക്കറ്റ് ലോകത്തെ ഇടനിലക്കാരില്‍ അധികവും ഇന്ത്യാക്കാരാണെന്നത് ഈ രംഗത്തെ നഗ്നമായ സത്യമാണ്.
ട്വന്‍റി-20 ലോകകപ്പ് നേടിയ ശേഷം ലങ്കയ്ക്കെതിരെ അരങ്ങേറിയ പാകിസ്ഥാന്‍റെ ദയനീയ പ്രകടനത്തിലും കോഴ വിവാദം തലപൊക്കിയിരുന്നു. ഒരു ഇന്ത്യന്‍ ഏജന്‍റ് കളിക്കാരെ സമീപിച്ചതായി പാകിസ്ഥാന്‍ ടീം മാനേജ്മെന്‍റ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ ഈ വിഷയം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒതുക്കിതീര്‍ക്കുകയായിരുന്നു. സ്വയം മുഖം രക്ഷിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് കുഴിച്ചുമൂടിയ ഇക്കാര്യം മാസങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗിലെ കോഴയിലൂടെ വീണ്ടും പൊങ്ങി.
1980 ന്‍റെ തുടക്കത്തിലാണ് ക്രിക്കറ്റില്‍ കോഴ ഇടപാട് സജീവമാകുന്നത്. കളിക്കാരും മാനേജ്മെന്‍റും അമ്പയര്‍മാരും ഗ്രൌണ്ട്സ്മാന്‍മാരും ഒക്കെ പലപ്പോഴായി ഇതില്‍ ഭാഗഭാക്കായിട്ടുണ്ട്. രണ്ടായിരത്തില്‍ അഴിമതി വിരുദ്ധയൂണിറ്റ് രൂപീകരിക്കുന്നതില്‍ വരെ ഐസിസിയെ എത്തിച്ചത് ക്രിക്കറ്റിലെ ഈ കൈവിട്ട കളിയുടെ വര്‍ദ്ധിച്ചുവന്ന സ്വാധീനമാണ്.