ഇന്ത്യന്‍ ക്രിക്കറ്റ് സമീപകാലത്ത് നേടിയ ഏറ്റവും പകിട്ടാര്‍ന്ന വിജയങ്ങളിലൊന്നായിരുന്നു ന്യൂസിലാന്‍ഡിലേത്. ന്യൂസിലന്‍ഡില്‍ ആദ്യമായി ഏകദിന പരമ്പരയിലും 41 വര്‍ഷത്തിന് ശേഷം ടെസ്റ്റ് പരമ്പരയിലും ധോണിയുടെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു. ഇന്ത്യന്‍ ടീമിന്‍റെ തലപ്പാവിലെ മറ്റൊരു പൊന്‍തൂവലായി ഈ പര്യടനം വിലയിരുത്തപ്പെടുമെന്നതില്‍ സംശയമില്ല.
പര്യടനം തുടങ്ങും മുമ്പ് ന്യൂസിലാന്‍ഡില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പറഞ്ഞ ഒരു കാര്യമുണ്ട്. വ്യക്തിഗത പ്രകടനങ്ങള്‍ക്കുപരി കൂട്ടായ പ്രകടനത്തിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നായിരുന്നു ധോണിയുടെ അഭിപ്രായം. ധോണിയുടെ വാക്കുകള്‍ അക്ഷാരാര്‍ത്ഥത്തില്‍ പ്രവര്‍ത്തിയില്‍ പകര്‍ത്തിയ പ്രകടനമായിരുന്നു ഇന്ത്യന്‍ ടീം കാഴ്ച്ചവെച്ചത്. കൂട്ടായ അദ്ധ്വാനം. ന്യൂസിലാന്‍ഡില്‍ ഇന്ത്യ വിജയിച്ച എല്ലാ മത്സരങ്ങളിലും ടീമിന്‍റെ ഈ കൂട്ടായ പ്രകടനം ദൃശ്യമായിരുന്നു.
ക്രിക്കറ്റ് പോലൊരു കളിയില്‍ ഒരു ഒറ്റയാള്‍ പോരാട്ടത്തിന് സാധ്യത വളരെയേറെയാണെന്ന സത്യം ധോണിക്ക് അറിയാഞ്ഞിട്ടല്ല. എന്നാല്‍ അത്തരം ഞാണിന്‍മേല്‍കളിയിലൂടെ നേടുന്ന വിജയങ്ങള്‍ക്ക് ആയുസ് കുറവാണെന്ന തിരിച്ചറിവാണ് ധോണിയെ ഇങ്ങനൊരു അഭിപ്രായത്തിലേക്ക് നയിച്ചത്. ഒപ്പം, ഒരു ഒറ്റയാള്‍ പ്രകടനം ഒരിക്കലും ശക്തമായ ഒരു ടീമിനെ വാര്‍ത്തെടുക്കില്ലെന്ന ബോധവും. ഈ സംഘശക്തിയുടെ അഭാവമായിരുന്നു വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുടര്‍ന്ന ശാപവും.
ക്രിക്കറ്റിന് മെച്ചപ്പെട്ട സൌകര്യങ്ങളും പണവും ഉണ്ടായിട്ടും ഇന്നും ടീം റെക്കോഡുകളില്‍ നാം പിന്നിലാണ്. അടുത്തെത്തിയ പല വിജയങ്ങളും അസ്ഥിരമായ പ്രകടനം മൂലം നമുക്ക് നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ഈ പോരായ്മ മറികടക്കാന്‍ കുറഞ്ഞ കാലം കൊണ്ട് മികച്ച നായകന്‍ എന്ന പേര് സമ്പാദിച്ച ധോണിക്കായി എന്നുതന്നെയാണ് കിവീസിലെ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്. ഇനി ഇത് നിലനിര്‍ത്തുക എന്നതായിരിക്കും ധോണി നേരിടുന്ന അടുത്ത വെല്ലുവിളി. |