“സ്വയരക്ഷ” തേടി ഗതികിട്ടാപ്രേതമായി ഇന്ത്യയില്‍ അലഞ്ഞ ഐപിഎല്‍ കടല്‍ കടന്നു. ഇനി ഐപിഎല്‍ അക്കര കടത്തിയവനെ തേടിയുള്ള വിവാദങ്ങള്‍. എന്തിനും ഏതിനും ചെവികൊടുക്കാനും കൊട്ടിഘോഷിക്കാനും മാധ്യമങ്ങള്‍ ഉള്ളിടത്തോളം കാലം വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടാകില്ല. എന്നാല്‍, ഇതിനപ്പുറം ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയില്‍ തുടക്കമിട്ട ഒരു ടൂര്‍ണ്ണമെന്‍റ് സുരക്ഷയുടെ പേരില്‍ വിദേശത്തേക്ക് മാറ്റേണ്ടിവരുമ്പോള്‍ കോട്ടംതട്ടുന്നത് ഇന്ത്യയുടെ വിശ്വാസ്യതയ്ക്കല്ലെ? ആരാണ് ഇതിന് ഉത്തരവാദി?ഇനി മറ്റു ടൂര്‍ണ്ണമെന്‍റുകള്‍ക്ക് എന്ത് വിശ്വസിച്ച് വിദേശതാരങ്ങള്‍ ഇന്ത്യയില്‍ വരും? ഹൈദരാബാദില്‍ നടക്കുന്ന ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റില്‍ നിന്ന് രണ്ട് താരങ്ങളെ ഇംഗ്ലണ്ട് പിന്‍വലിച്ചുകഴിഞ്ഞു. അടുത്തകൊല്ലം തലസ്ഥാനത്ത് നടക്കുന്ന കോമണ്‍-വെല്‍ത്ത് ഗെയിംസിന്‍റെ സുരക്ഷയിലും വിവിധ രാജ്യങ്ങള്‍ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.വിദേശതാരങ്ങള്‍ ഉള്‍പ്പെടെ നാലായിരത്തോളം അത്‌ലറ്റുകളാണ് കോമണ്‍വെല്‍ത്തില്‍ പങ്കെടുക്കുക. കേവലം 80 വിദേശതാരങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് തുറന്ന് സമ്മതിച്ച നമ്മള്‍ എങ്ങനെ ഇത്ര വലിയ ഒരു ജനക്കൂട്ടത്തിന് സംരക്ഷണം നല്‍കും?. അങ്ങനെ വരും നാളുകളില്‍ ഇന്ത്യ മറുപടി നല്‍കേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്. രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ലായ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. മറിച്ച് മറ്റ് പരിഹാരങ്ങള്‍ കണ്ടെത്താമായിരുന്നു എന്നതാണ് വാസ്തവം. സുരക്ഷയുടെ കാര്യത്തില്‍ ഒരു മേല്‍നോട്ടം മാത്രമായിരുന്നു കേന്ദ്രസര്‍ക്കാരിലൂടെ ഐപിഎല്‍ നേതൃത്വം പ്രതീക്ഷിച്ചത്. താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മറ്റ് വഴികള്‍ അവര്‍ കണ്ടെത്തിയിരുന്നു. |