ഓസീസ് ഇതിഹാസ ബൌളര്‍ ഡെന്നീസ് ലിലിയോടും ബാറ്റിംഗ് പരിശീലകന്‍ രമാകാന്ത് അഛരേക്കറോടും ഇന്ത്യന്‍ ക്രിക്കറ്റ് എന്നും കടപ്പെട്ടിരിക്കും. സച്ചിന്‍ എന്ന താരത്തിന്‍റെ പേരില്‍. നവംബര്‍ 15 ന് ക്രിക്കറ്റില്‍ ഇരുപതിലേക്ക് കടക്കുന്ന സച്ചിന്‍ അര്‍പ്പണ ബോധത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും ഇന്ത്യന്‍ പ്രതീകമാണ്. പ്രതിഭ മൂടി വയ്ക്കാനാകില്ല. എന്നാല്‍ അത് കണ്ടെത്താന്‍ ഒരാള്‍ വേണമെന്ന് മാത്രം. ഇതിനായി ദൈവം നിയോഗിച്ചത് ലിലിയേയും അഛരേക്കറിനെയും ആയിരുന്നു. ലോക ക്രിക്കറ്റില്‍ ഏറ്റവും റണ്‍ സമ്പാദ്യമെന്ന നേട്ടത്തിലേക്ക് സച്ചിനെ നയിച്ചത് ഇവരായിരുന്നു.ക്രിക്കറ്റില്‍ അഭിനിവേശം തന്നെയുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ ബാറ്റിംഗിലേക്ക് തിരിച്ചു വിട്ടത് ഡെന്നീസ് ലിലിയാണെങ്കില്‍ ജീനിയസിന്‍റെ പ്രതിഭ തേച്ച് മിനുക്കിയത് അഛരേക്കറായിരുന്നു.ഫാസ്റ്റ് ബൌളറാകാന്‍ മോഹിച്ച് എം ആര്‍ എഫ് പേസ് ഫൌണ്ടേഷനില്‍ എത്തിയ നരന്ത് പയ്യനെ ഡെന്നീസ് ലിലിക്ക് തീരെ പിടിച്ചില്ല. ബാറ്റിംഗില്‍ ശ്രദ്ധിക്കാനായിരുന്നു ഉപദേശിച്ചത്. അത് കുറിക്ക് കൊണ്ടു. പിന്നീടുണ്ടായത് ചരിത്രം. ടെസ്റ്റിലും ഏകദിനത്തിലും മികച്ച സമ്പാദ്യമുള്ള സച്ചിന്‍ റണ്‍ കുബേരനാണ്. ടെസ്റ്റില്‍ 154 മത്സരങ്ങളില്‍ നിന്നായി 40 ശതകവും 51 അര്‍ദ്ധ ശതകവുമായി 12,273 റണ്‍സ്. 417 ഏകദിനത്തില്‍ നിന്നായി 16,361 റണ്‍സും ശേഖരത്തില്‍ ഉണ്ട്. ഇതില്‍ 42 ശതകവും 89 അര്‍ദ്ധ ശതകങ്ങളും പെടുന്നു. |