യക്ഷിയുടെ സൌന്ദര്യത്തില്‍ മയങ്ങിയ ഉണ്ണി യക്ഷിയെ ഉണ്ണി പാണിഗ്രഹണം ചെയ്തു. ഉണ്ണിയില്‍ സംപ്രീതയായ യക്ഷി നല്‍കിയ വരം വെണ്മണി ഇല്ലയും വിദ്യയുടെ ഇരിപ്പിടം ആകട്ടെ എന്നായിരുന്നു. തുടര്‍ന്നാണെത്രെ വെണ്‍മണികവികള്‍ ജനിച്ചത്! വെണ്മണിയില്ലത്തെ ആ ഉണ്ണിയെ മോഹിപ്പിച്ച മോഹിനിയാണെത്രെ വടക്കുനാഥ ക്ഷേത്രത്തിലെ ചുവര്‍ചിത്ര മോഹിനി!
കേരളത്തില്‍ കാണപ്പെടുന്ന കൂത്തമ്പലങ്ങളില്‍ ഏറ്റവും വലുത് വടക്കുനാഥ ക്ഷേത്രത്തിലാണുള്ളത്. പണ്ട് കൂത്തമ്പലത്തിന്റെ ഉത്തരത്തില്‍ പ്രധാനപ്പെട്ട സ്ഥാനത്ത് ചെറിയൊരു ഉളിവയ്ക്കുക പതിവായിരുന്നു. ഉത്തരത്തിന് കേടു സംഭവിച്ചാല്‍ ഉളി താഴെ വീഴുകയും കേടിനെ പറ്റി മനസിലാവുകയും ചെയ്യുമല്ലോ എന്ന യുക്തിയായിരുന്നു ഇതിന് പിന്നില്‍. ഈ ഉളി 1050-ല്‍ താഴെ വീണു. കൂത്തമ്പലം പുതുക്കിപ്പണിയാന്‍ വെള്ളിനേഴി ജാതദേവന്‍ നമ്പൂതിരിയെയാണ് രാജാവ് നിയോഗിച്ചത്.
ഉത്തരത്തിന്റെ സവിശേഷതകള്‍ മനസിലാക്കാന്‍ മൂന്നു ദിവസത്തോളം ഈ നമ്പൂതിരി മലര്‍ന്നുകിടന്നെത്രെ. കൂത്തമ്പലത്തിന്റെ മാതൃക ഉണ്ടാക്കിനോക്കുന്നില്ലേ രാജാവിന്റെ ചോദ്യത്തിന് 'എല്ലാം അകത്തുണ്ട് പുറത്തൊന്നും വേണ്ട എന്നായിരുന്നു മറുപടി. എന്തായാലും നമ്പൂതിരിയുടെ കരവിരുതില്‍ 23.5 മീറ്റര്‍ നീളവും 17.5 മീറ്റര്‍ വീതിയുമുളള കൂത്തമ്പലം 1055 ചിങ്ങം ഒന്നിന് പണി പൂര്‍ത്തിയായി.
ചുറ്റമ്പലത്തിനകത്ത് ശിവനെന്നു സങ്കല്‍പിക്കപ്പെടുന്ന വടക്കുന്നാഥന്‍, ശങ്കരനാരായണ സ്വാമി, ശ്രീരാമസ്വാമി എന്നീ ദേവന്മാരെ പശ്ചിമാഭിമുഖരായി പ്രതിഷ്ഠിച്ചിരിക്കുന്നു. വടക്കുന്നാഥന്റെ പിന്‍ഭാഗത്ത് അതേ ശ്രീകോവിലില്‍ കിഴക്കോട്ടഭിമുഖമായി ശ്രീപാര്‍വ്വതിയേയും തെക്കുഭാഗത്ത് പ്രത്യേക ശ്രീകോവിലില്‍ പൂര്‍വ്വാഭിമുഖമായിത്തന്നെ ഗണപതിയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പുരാതന ചിത്രകലയുടെ മാതൃകകള്‍ ശ്രീകോവിലിന്റേയും മറ്റും ഭിത്തികളില്‍ കാണാവുന്നതാണ്. ചുറ്റമ്പലത്തിന് പുറത്ത്, ഗോശാലകൃഷ്ണന്‍, നന്ദികേശ്വരന്‍, പരശുരാമന്‍, സിംഹോദരന്‍, ശ്രീ അയ്യപ്പന്‍ എന്നീ ഉപദേവന്മാരുമുണ്ട്. ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് പ്രത്യേക ചിട്ടകളും ക്രമങ്ങളുമുണ്ട്.
ധ൹മാസത്തില്‍ തിരുവാതിര ദിവസവും തുടര്‍ന്നുവരുന്ന മൂന്ന് തിങ്കളാഴ്ചകളിലുമായി നടത്തുന്ന നെയ്യ്-കരിക്ക് അഭിഷേകം, ശിവരാത്രി എന്നിവായാണ് പ്രധാന വിശേഷങ്ങള്‍. നെയ്യഭിഷേകത്തോട് അനുബന്ധിച്ച് ഒട്ടാകെ 101 "മഗ്" നെയ്യും (1 മഗ്, ഉദ്ദേശം 2 ഇടങ്ങഴി) 1008 കരിക്കും വടക്കുന്നാഥന് അഭിഷേകം ചെയ്യപ്പെടുന്നു. ശിവരാത്രി ദിവസം പ്രത്യേക പൂജകളും സന്ധ്യക്ക് ലക്ഷദീപവും, 1001 കതിനാവെടിയും രാത്രിയില്‍ സമീപത്തുള്ള ക്ഷേത്രങ്ങളില്‍ നിന്ന് എഴുന്നള്ളിച്ചു വരുന്ന 11 ദേവീ ദേവന്മാരെ അണിനിരത്തിയുള്ള വിളക്കുമാണ് വിശേഷാല്‍ പരിപാടികള്‍. തൃശൂര്‍ പൂരം വടക്കുനാഥന്റെ മുറ്റത്താണ് നടക്കുന്നതെങ്കിലും പൂരത്തിന് പ്രത്യേക പൂജകളോ ആഘോഷങ്ങളോ ക്ഷേത്രത്തില്‍ പതിവില്ല.
സാംസ്കാരിക നഗരമായ തൃശൂരിന്റെ മധ്യത്തില്‍ 64 ഏക്കറോളം വരുന്ന തേക്കിന്‍കാട് മൈതാനത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന വടക്കുന്നാഥ ക്ഷേത്രം ഏറെ ഭക്തരെ ആകര്‍ഷിക്കുന്നുണ്ട്. സമുദ്രനിരപ്പില്‍നിന്നും ഇരുന്നൂറടി ഉയരത്തില്‍ പതിനെട്ട് ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം കേരളത്തിലെ ശ്രീമൂലസ്ഥാനമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം നടക്കുന്നത് വടക്കുംനാഥന്റെ തിരുമുറ്റത്താണെന്നത് ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം കൂട്ടുന്നു.