ലേഖനം | ആരാധനാലയങ്ങള്‍ | ഇ-ആരാധന
പ്രധാന താള്‍ » ആത്മീയം » മതം » ആരാധനാലയങ്ങള്‍ » പരശുരാമന്‍ സ്ഥാപിച്ച വടക്കുനാഥന്‍ ക്ഷേത്രം (Vadakkunathan Temple founded by Parashuraman!)
Feedback Print Bookmark and Share
 
Vadakkunathan Temple
PRO
PRO
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂര്‍ നഗരിയുടെ തൊടുകുറിയായി വിലസുന്ന വടക്കുനാഥന്‍ ക്ഷേത്രം പരശുരാമനാല്‍ സ്ഥാപിക്കപ്പെട്ടതാണെന്നാണ് വിശ്വസിച്ച് പോരുന്നത്. ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തെ പറ്റി രസകരവും ഭക്തിജനകവുമായ ഒരു ഐതിഹ്യമുണ്ട്. പരശുരാമന്റെ അപേക്ഷപ്രകാരം ഭക്തജനങ്ങളുടെ രക്ഷയ്ക്കായി ഒരിക്കല്‍ പരമശിവന്‍ ഋഷഭത്തിന്റെ പുറത്തേറി യാത്രപുറപ്പെട്ടുവെത്രെ. യാത്ര അവസാനിച്ചിടത്ത് വാഹനം കുന്നായി രൂപപ്പെടുകയും ഭഗവാന്‍ ലിംഗരൂപത്തില്‍ പരശുരാമന്‌ പ്രത്യക്ഷപ്പെടുകയും ചെയ്ത സ്ഥലമാണ് വടക്കുനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥലമെത്രെ.

ഒട്ടു വളരെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പുരാതന ക്ഷേത്രമാണിത്‌, വാസുകി, അശ്വത്ഥാമാവ്‌, വെണ്മണി നമ്പൂതിരിപ്പാട്‌, ശങ്കരാചാര്യര്‍ വില്വമംഗലം സ്വാമിയാര്‍ തുടങ്ങിയവരുടെ വടക്കുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകള്‍ സുപ്രസിദ്ധങ്ങളാണ്‌. ശങ്കരാചാര്യരുടെ മാതാപിതാക്കള്‍ ദീര്‍ഘകാലം വടക്കുനാഥനെ ഭജിച്ചതിന്റെ ഫലമായിട്ടാണ്‌ ആചാര്യ സ്വാമികള്‍ ജനിച്ചതെന്ന്‌ ഐതിഹ്യം പറയുന്നു. സ്വാമികളുടെ സ്മാരകമായി ക്ഷേത്രമതില്‍ക്കകത്ത്‌ ശംഖ്‌ ചക്രങ്ങള്‍ സ്ഥാപിച്ച്‌ ആരാധിച്ചുവരുന്നു. അടുത്ത കാലത്ത്‌ ആചാര്യപാദകരുടെ വിഗ്രഹം പ്രത്യേകം ശ്രീകോവില്‍ നിര്‍മ്മിച്ച്‌ അതില്‍ പ്രതിഷ്ഠിക്കുകയുണ്ടായി.

തൃശൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരായിരുന്നു ആദ്യകാലത്തെ ക്ഷേത്രഭരണക്കാര്‍. അവരില്‍ അനൈക്യം വളര്‍ന്നപ്പോള്‍ 'യോഗാതിരിമാര്‍' എന്നറിയപ്പെടുന്ന പ്രതിപുരുഷന്മാരില്‍ ക്ഷേത്രഭരണം നിക്ഷിപ്തമായി. കാലക്രമേണ യോഗാതിരിമാരെ കണ്ടെത്താന്‍ കഴിയാതെ വരികയും അതോടെ നാട്ടുരാജാക്കാന്മാര്‍ ഭരണം ഏറ്റെടുക്കുകയും ചെയ്തു. ഹൈദരാലിയുടെ പടയോട്ടകാലത്ത്‌ സൈന്യാധിപനായ സാദര്‍വാന്‍ വടക്കുംനാഥക്ഷേത്രം ആക്രമിക്കാതിരുന്നതും ടിപ്പുസുല്‍ത്താന്‍ പശുക്കളെക്കൊന്ന്‌ ക്ഷേത്രം അശുദ്ധമാക്കിയതുമെല്ലാം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1950-ലെ പതിനഞ്ചാം നമ്പര്‍ ആക്‌ട് പ്രകാരം വടക്കുനാഥന്‍ ക്ഷേത്രം കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാണുള്ളത്. ഗോപുരങ്ങളും ക്ഷേത്രമതില്‍ക്കെട്ടും പുരാവസ്‌തുവകുപ്പ്‌ ഏറ്റെടുത്തിട്ടുണ്ട്‌.

ക്ഷേത്രത്തിന് ചുറ്റുമുള്ള ഭീമാകാരമായ മതില്‍ക്കെട്ട്‌, ഉത്തുംഗങ്ങളായ നാല്‌ ഗോപുരങ്ങള്‍, ശില്‍പചാതുരിയാര്‍ന്ന കൂത്തമ്പലം, വട്ടു ശ്രീകോവിലുകള്‍, വിസ്താരമേറിയ മതില്‍ക്കകം, ഇവയെല്ലാം വടക്കുന്നാഥന്‍ ക്ഷേത്രം ഒരു മഹാദേവക്ഷേത്രമാണെന്ന്‌ വിളംബരം ചെയ്യുന്നു. ആയിരം വര്‍ഷങ്ങളോളം പഴക്കമുള്ളവയാണ്‌ വടക്കുനാഥനിലെ ചുവര്‍ചിത്രങ്ങളെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ആരാണീ ചിത്രങ്ങള്‍ വരച്ചതെന്ന് ഇന്നും അറിവായിട്ടില്ല.

പ്രധാന വാതിലിന്റെ ചുവരില്‍ വരച്ചുവച്ചിട്ടുള്ള നടരാജനൃത്തവും ശ്രീരാമപ്രതിഷ്ഠയുടെ ഗര്‍ഭഗൃഹത്തിന്റെ ചുമരിലുള്ള നരസിംഹവും ഭക്തജനങ്ങളെയും കലാസ്വാദകരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. നരസിംഹത്തിന്റെ ചിത്രം വരക്കുമ്പോള്‍ കൃഷ്ണ മണികള്‍ വരച്ചപ്പോള്‍ തന്നെ കണ്ണുകളില്‍നിന്ന്‌ അഗ്നി പ്രവഹിച്ച് തെക്കേ ഗോപുരത്തില്‍ അഗ്നിബാധയുണ്ടായെന്ന്‌ ഐതിഹ്യങ്ങള്‍ പറയുന്നു.

പത്തരമാറ്റിന്റെ തിഴക്കത്തോടെയുള്ള വാല്‍ക്കണ്ണാടിയും അതിനു പിറകില്‍ സൗന്ദര്യത്തിന്റെ നിറകുടമായി നില്‍ക്കുന്ന മോഹിനിയുടെ ചിത്രവും ഏറെ ആസ്വാദ്യകരമാണ്. ഈ ചിത്രത്തിന് പിന്നിലും ഒരു കഥയുണ്ട്. വെണ്‍മണി ഇല്ലത്തെ ഒരുണ്ണിയെ കൂട്ടുകാര്‍ മോഹിനീരൂപത്തിലുള്ള യക്ഷിയുടെ ചിത്രംകാട്ടി കൊതിപ്പിച്ചെത്രെ.

അടുത്ത പേജില്‍ വായിക്കുക ‘വെണ്മണിയുണ്ണിയെ മോഹിപ്പിച്ച മോഹിനി’
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍