ഹിന്ദുക്കള്‍ക്ക് ഗംഗാ നദിയിലെ ജലം പോലെ മുസ്‌ലിങ്ങള്‍ക്ക് ഏറെ പുണ്യമുള്ള നീറുറവയാണ് സംസം. ചരിത്രത്തിലൊരിക്കലും വറ്റാത്ത മരുഭൂമിയിലെ ഈ നീറുവ അത്ഭുത പ്രതിഭാസമാണ്. മക്കയിലെ കഹ്ബാലയത്തിന് 20 മീറ്റര്‍ അടുത്തായാണ് ഈ നീറുറവ.
ഉദാത്തമായ ഒരു നാഗരികതയുടെയും അനന്യമായ ഒരു സംസ്കാരത്തിന്റെയും അനശ്വരമായ സ്മാരകമാണ് ഒരിക്കലും വറ്റാത്ത അത്ഭുതപ്രവാഹമായ വിശുദ്ധ സംസം. പ്രവാചകന്മാരും സദ്‌വൃത്തരുമായ അനേകം ജനതതികളുമായി സുദൃഢബന്ധമുള്ള ആ വിശുദ്ധ തീര്‍ത്ഥം സഹസ്രാബ്ദങ്ങളായി ഉത്കൃഷ്ട സന്ദേശവും പേറി മക്കാ മണ്ണില്‍ കഹ്ബായുടെ മുറ്റത്ത് ശാന്തഗംഭീരമായി, മനുഷ്യവംശത്തി നാശ്വാസമായി നിലകൊള്ളുന്നു.
സംസം മഹത്തായ പുണ്യപാനമാണ്. അതിന്റെ പ്രഭവചരിത്രം ഇങ്ങനെ സംഗ്രഹിക്കാം. ഇബ്രാഹീം നബിയുടെ പത്നി ഹാജറാ ബീവിയും മകന്‍ ഇസ്മാഈലും മരുഭൂയിലൂടെ തളര്‍ന്ന് നടക്കുകയായിരുന്നു. ദാഹം കൊണ്ട് അവശനായ ഇസ്‌മാഈല്‍ വെള്ളത്തിനായി കരച്ചിലായി. സമീപത്തൊന്നും നീരുറവകളും ഇല്ല.
ഈ വിജനമായ മരുഭൂമിയില്‍ ഒരിറ്റുവെള്ളം പോലുമില്ലാതെ ഒരു ചോര പൈതലിനെയുമായി തനിച്ചായി ഹാജറ. ഈ വിഷാദാവസ്ഥയില്‍ അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്നന്വേഷിക്കുവാനായി കുഞ്ഞിനെ കഹ്ബ സ്ഥിതിചെയ്യുന്നതിനടുത്തായി കിടത്തിയിട്ട് തൊട്ടടുത്തുള്ള സ്വഫാ കുന്നിലേക്ക് അവര്‍ പുറപ്പെട്ടു.
മലഞ്ചെരുവില്‍ ആരെങ്കിലുമുണ്ടോ? എന്ന് നോക്കി. ഫലം നിരാശ. തല്‍ക്ഷണം സ്വഫയില്‍ നിന്ന് താഴ്‌വരയിലേക്കിറങ്ങി കുപ്പായത്തിന്‍റെ അടിവശം മേല്‍പ്പോട്ടുയര്‍ത്തിപ്പിടിച്ച് മര്‍വാ കുന്നിലേക്ക് നടന്നു. അതിനിടെ കുറച്ച് ദൂരം അവര്‍ വേഗത കൂട്ടിയിരുന്നു. മര്‍വയിലെത്തി നാലുപാടും നോക്കി. ആരുമില്ല. നിരാശയായ ഹാജര്‍ കുടിനീരിനു വേണ്ടി വീണ്ടും സ്വഫാ മര്‍വക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഏഴുതവണ പാഞ്ഞു. 'അതിന്റെ സ്മരണയായിട്ടാണ് ഹജ്ജിനു പോകുന്ന ജനങ്ങള്‍ സ്വഫാ മര്‍വക്കിടയില്‍ സഹ്‌യ് ചെയ്യുന്നത്'.
നിരാശയായി തിരിച്ചെത്തിയ ഹാജറ ബീവി ആ ദൃശ്യം കണ്ട് അത്ഭുതപെട്ടു. മകന്‍ കാലിട്ടടിച്ച സ്ഥലത്ത് വലിയൊരു ശുദ്ധ ജല ഉറവ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു. ഉടന്‍ ഹാജറ പറഞ്ഞു. ‘സംസം... സംസം... അപ്രകാരമാണ് ഈ അത്യത്ഭുത തീര്‍ത്ഥത്തിന് സംസം എന്ന് നാമം വീണത്. പിന്നീട് ഒരിക്കല്‍ പോലും ഈ നീറുവ വറ്റിയിട്ടില്ലത്രെ.
അന്നു മുതല്‍ സംസം പുണ്യതീര്‍ത്ഥം സഹസ്രാബ്ദങ്ങളുടെ ഉദാരപ്രവാഹമായി ജനതതികളുടെ ദാഹം തീര്‍ത്തുകൊണ്ടിരിക്കുന്നു. ഇടതടവില്ലാതെ ജനലക്ഷങ്ങള്‍ അവരവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി സംസം വെള്ളം നിര്‍ലോഭം ഉപയോഗിക്കുന്നു. അതിശക്തിയുള്ള മോട്ടോര്‍ പമ്പുകളുപയോഗിച്ച് സദാ നേരവും ആ വിശുദ്ധ ജലം പുറത്തെടുക്കുന്നു. വിവിധ രാജ്യങ്ങളിലേക്ക് കണക്കില്ലാതെ തീര്‍ത്ഥാടകര്‍ വര്‍ഷംപ്രതി കൊണ്ടുപോകുന്നു. എല്ലാം ഒരു കൊച്ചു കിണറില്‍ നിന്ന്. സംസം കിണര്‍ വറ്റിയ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.