ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ഗുരുവാണ് ‘ശ്രീശ്രീ’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘ശ്രീ ശ്രീ രവിശങ്കര്‍’. ശരീരത്തിനും മനസിനും ഇടയിലുള്ള കൊളുത്താണ് ശ്വാസോച്ഛ്വാസമെന്നും അതുകൊണ്ടുതന്നെ ശരീരത്തിനും മനസിനും സ്വസ്ഥത പകരാന്‍ ശ്വാസോച്ഛ്വാസത്തിന് കഴിയുമെന്നുമാണ് ശ്രീശ്രീയുടെ ഫിലോസഫി. ഓരോ നിമിഷവും സേവനത്തിനുള്ളതാണെന്നും ഭക്തി, വിശ്വാസം, സേവന മനോഭാവം, മാനുഷിക മൂല്യങ്ങളിലുള്ള ആശ്രയം ഇവയൊക്കെ മനുഷ്യകുലത്തിന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമാണെന്നും ശ്രീശ്രീ വിശ്വസിക്കുന്നു.
തമിഴ്‌നാട്ടില്‍ കുംഭകോണത്തിനടുത്തുള്ള പാപനാശം എന്ന ഗ്രാമത്തില്‍ പ്രശസ്ത വേദപണ്ഡിതനും മെഡിക്കല്‍ അസ്‌ട്രോളജറുമായ കെ.എസ്. വെങ്കിടരത്നത്തിന്റെയും ഉത്തമഭക്തയും വീണ വിദുഷിയുമായിരുന്ന വിശാലാക്ഷി വെങ്കിടരത്നത്തിന്റെയും മകനായി 1956 മെയ് പതിമൂന്നാം തീയതി ശ്രീശ്രീ രവിശങ്കര്‍ ജനിച്ചു. ആദിശങ്കരാചാര്യന്റെ ജനനസമയവുമായി സാമ്യമുള്ളതിനാല്‍ കുട്ടിക്ക് വെങ്കിടരത്നം ശങ്കരന്‍ എന്ന് പേരിടുകയായിരുന്നു.
ബാല്യത്തിന്റെ നല്ലൊരുഭാഗം ബാംഗ്ലൂരില്‍ ചെലവഴിച്ച അദ്ദേഹം നാലു വയസ്സായിരിക്കുമ്പോള്‍ തന്നെ അനായസമായി ഭഗവത്ഗീതയും മന്ത്രങ്ങളും ചൊല്ലുന്നത് വീട്ടുകാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വേദപാഠങ്ങളൊക്കെ ഹൃദിസ്ഥമാക്കിയ ഈ കൊച്ചുകുട്ടിയെ മറ്റുള്ളവര്‍ തിരിച്ചറിയുകയും അദ്ദേഹം എല്ലാവരുടെയും ആദരവിന് പാത്രമാവുകയും ചെയ്തു. 'ലോകം മുഴുവന്‍ എന്നെ കാത്തിരിക്കുകയാണ്. ഞാന്‍ അവരെയൊക്കെ സന്ദര്‍ശിക്കാന്‍ പോകും' എന്ന് അദ്ദേഹം സഹപാഠികളോട് പറയുമായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ അസാമാന്യമായ അന്വേഷണബോധവും അനുകമ്പയും പ്രകടമാക്കിയിരുന്നു. ഇടയ്ക്കിടെ സ്പോര്‍ട്‌സ് ക്ലാസില്‍ കയറാതെ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. അമ്മ അദ്ദേഹത്തോട് പോയി കളിക്കാന്‍ പറയുമ്പോള്‍ 'ഈ പാദങ്ങള്‍ക്ക് ആരെയും ചവിട്ടാന്‍ കഴിയുകയില്ല. ഒരു പന്തിനെപ്പോലും' എന്നദ്ദേഹം മറുപടി പറയുമായിരുന്നെത്രെ!
സഹോദരന്മാര്‍ ചുരുങ്ങിയ സമയംകൊണ്ട് ധ്യാനവും സന്ധ്യാവന്ദനവും പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം ഒന്നര മണിക്കൂര്‍ എടുത്താണ് കര്‍മ്മങ്ങള്‍ ചെയ്ത് തീര്‍ത്തിരുന്നത്. ഓരോ മന്ത്രജപത്തിന് ശേഷവും അദ്ദേഹം ആകാശത്തേക്കു നോക്കി ഉത്തരത്തിന് വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു. ഓരോ തവണയും അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തിരുന്നു.
പതിനേഴാം വയസില്‍ ഭൌതികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1982-ല്‍ പത്തുദിവസത്തെ അഗാധമൗനത്തിന് ശേഷം കണ്ടെത്തിയ സുദര്‍ശനക്രിയ എന്ന യോഗവിദ്യ ലോക കല്യാണത്തിനായി പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും തീരുമാനിച്ചു.
അടുത്ത പേജില്‍ വായിക്കുക, ‘എന്താണ് ആര്‍ട്ട് ഓഫ് ലിംവിംഗ് കോഴ്സ്?’