ഇന്ന് ശബരിമലയില്‍ മണ്ഡല പൂജ. വിശേഷാല്‍ പൂജകളോടെ ശബരിമലക്ഷേത്രത്തില്‍ മണ്ഡല ഉത്സവം നടക്കുന്ന അന്നാണ് ചൈതന്യ മൂര്‍ധന്യതയില്‍ അയ്യപ്പന്‍ വിരാജിക്കുന്ന പുണ്യ ദിവസം.
ഭക്തലക്ഷങ്ങളെ സാക്ഷിനിര്‍ത്തി കലിയുഗവരദനായ ശ്രീധര്‍മ്മശാസ്താവിന് ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തി. രാവിലെ 10.30 വരെ മാത്രമേ നെയ്യഭിഷേകം അനുവദിച്ചിരുന്നുള്ളൂ. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പവിഗ്രഹത്തില്‍ ദീപാരാധന നടക്കുന്നതോടെ ഇത്തവണത്തെ മണ്ഡലമഹോല്‍സവത്തിന് സമാപനമാകും. 41 ദിവസത്തെ വ്രതകാലവും അവസാനിക്കും.
മണ്ഡലപൂജയ്ക്കു ശേഷം രാത്രി പത്തുമണിക്ക് നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബര്‍ 31ന് നട തുറക്കും. തങ്കയങ്കി ഘോഷയാത്ര കാണാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഇത്തവണ ശബരിമലയിലെത്തിയിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ തിരക്കാണ് ഇത്തവണ ശബരിമലയില്‍ അനുഭവപ്പെട്ടത്. മണ്ഡലപൂജ ദര്‍ശനത്തിനായി പതിനെട്ടാം പടി കയറാനുള്ള നിര പമ്പവരെ എത്തി.
ശ്രീ അയ്യപ്പ വിഗ്രഹത്തില്‍ അണിയിക്കാനുള്ള തങ്ക അങ്കി ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായാണ് ശബരിമലയില്‍ എത്തിയത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് സമര്‍പ്പിച്ച തങ്ക അങ്കിയാണ് മണ്ഡലപൂജാ ദിവസം ശ്രീ അയ്യപ്പ വിഗ്രഹത്തെ അണിയിച്ച് ദീപാരാധന നടത്തുന്നത്. |