പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനും കേസെടുക്കും

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കേസില്‍ കുറ്റപത്രം 3 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരമാണ് കുറ്റം ചുമത്തുക. പ്രതികള്‍ക്കെതിരെ നിലവില്‍ കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതി വിരുദ്ധ പീഡനം, മുറിവേല്‍പ്പിക്കല്‍, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

പ്രതികള്‍ക്കെതിരായ കുറ്റപത്രം ജനുവരി രണ്ടിന് കോടതിയില്‍ സമര്‍പ്പിക്കും. 1000 പേജുകള്‍ വരുന്നതായിരിക്കും കുറ്റപത്രം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും. ഫോറന്‍സിക് റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

കേസില്‍ 6 പ്രതികളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജനുവരി മൂന്നിനാണ് പ്രതികളുടെ വിചാരണ ആരംഭിക്കുന്നത്. അതിവേഗ കോടതിയിലാണ് വിചാരണ നടക്കുക.

ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷമാണ് ബസ് ജീവനക്കാരായ ആറംഗ സംഘം ക്രൂരപീഡനത്തിന് ഇരയാക്കിയത്. രണ്ടു മണിക്കൂര്‍ നീണ്ട പീഡനത്തിനു ശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :