കൂട്ടബലാത്സംഗം: പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി

സിംഗപ്പുര്‍| WEBDUNIA| Last Modified ശനി, 29 ഡിസം‌ബര്‍ 2012 (09:33 IST)
PRO
പ്രാര്‍ഥനകളും വിദഗ്ദചികിത്സയും വിഫലമായി ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തെ തുടര്‍ന്നു സിംഗപ്പുരില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ബീഹാര്‍ സ്വദേശിനി ജ്യോതി മരണത്തിനു കീഴടങ്ങി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15നു സിംഗപ്പുരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്തു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടുത്തുണ്ടായിരുന്നു. ആശുപത്രി ചീഫ് എക്സിക്യുട്ടിവ് ഓഫിസറാണു മരണവിവരം പുറത്തുവിട്ടത്.

ഇന്നലെ വൈകിട്ടോടെയാണു പെണ്‍കുട്ടിയുടെ നില വഷളായത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കുറയുകയും ചെയ്തു. ഇതേത്തുടര്‍ന്നു കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്റ്ടര്‍മാര്‍ തീവ്രശ്രമം നടത്തിവരുന്നതായി മെഡിക്കല്‍ ബുള്ളറ്റിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡിസംബര്‍ 26നാണു സിംഗപ്പുരിലേക്കു കൊണ്ടുപോയത്.

ഡിസംബര്‍16നു രാത്രി 11നു ഡല്‍ഹി വസന്ത് വിഹാറില്‍ സ്വകാര്യ ബസിനുള്ളില്‍ വച്ചാണ് ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. സിനിമ കണ്ടശേഷം സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്കു മടങ്ങുമ്പോഴാണു സംഭവം. ബസ് ജീവനക്കാരും അവരുടെ സുഹൃത്തുക്കളും അടങ്ങുന്ന ആറംഗ സംഘമാണു പെണ്‍കുട്ടിയെ അക്രമിച്ചത്. ബലാത്സംഗത്തിനു ശേഷം ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നും ശരീരം വലിച്ചെറിയുകയായിരുന്നു. ആറു പ്രതികളും റിമാന്‍ഡിലാണ്.

സംഭവം തന്ത്ര പ്രധാന മേഖലയായ റേയ്സീന കുന്നുവരെ എത്തുന്ന വന്‍ പ്രതിഷേധത്തിനു വഴിവച്ചു. പ്രതിഷേധക്കാര്‍ രാഷ്ട്രപതി ഭവനിലേക്കു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പിന്നീടു പ്രതിഷേധ സമരങ്ങള്‍ തുടരുന്നതാണു രാജ്യം കണ്ടത്.

ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളെജില്‍ ഇന്‍റേണ്‍ഷിപ്പ് വിദ്യാര്‍ഥിയായിരുന്ന ബിഹാര്‍ സ്വദേശിനി ഡല്‍ഹിയില്‍ സ്ഥിരതാമസമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :