ന്യൂഡല്‍ഹി, വെള്ളി, 21 സെപ്റ്റംബര്‍ 2012( 17:20 IST )
യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പിന്തുണ പിന്‍വലിച്ചതായി അറിയിച്ച് തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ മുകുള്‍ റോയി ഒപ്പുവച്ച കത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറി. തൃണമൂലിന്റെ 18 എം പിമാരാണ് രാഷ്ട്രപതിയെ കണ്ടത്. എന്നാല്‍ തൃണമൂല്‍ എം പിയായ ദിനേശ് ത്രിവേദി ഇവര്‍ക്കൊപ്പം എത്തിയില്ല. കേന്ദ്രസര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം എന്ന് തൃണമൂല്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടില്ല.
തൃണമൂല്‍ മന്ത്രിമാര്‍ വൈകിട്ട് പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയാണ് ഇവര്‍ രാജിക്കത്ത് നല്‍കിയത്. ആറ് മന്ത്രിമാരാണ് തൃണമൂലിന് ഉണ്ടായിരുന്നത്. റയില്‍വെ മന്ത്രി മുകുള്‍ റോയിയും അഞ്ച് സഹമന്ത്രിമാരും.
യുപിഎയുമായി മൂന്ന് വര്‍ഷവും നാല് മാസവും നീണ്ട ബന്ധം അവസാനിപ്പിച്ചാണ് തൃണമൂല്‍ പിന്‍വാങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ചാണ് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി യുപിഎ വിടാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ചയായിരുന്നു തീരുമാനം. തുടര്‍ന്ന് മമതയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചതുമില്ല.
അതേസമയം തൃണമൂല്‍ പിന്തുണ പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന്റെ നിലനില്‍പ്പിന് തല്‍ക്കാലം ഭീഷണിയില്ല. യു പി എ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. എസ് പിയുടെ 22 എം പിമാര്‍ പിന്തുണയ്ക്കുന്നതോടെ യു പി എ സര്‍ക്കാരിന്റെ നിലനില്‍പ്പ് സംബന്ധിച്ചുണ്ടായിരുന്ന ആശങ്ക ഒഴിയുകയാണ്.
അതേസമയം സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍, സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.