രാഹുലിന്റെ കാലിന് പൊട്ടല്‍, എങ്ങനെ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാനുള്ള അവസരമൊന്നും രാഹുല്‍ ഗാന്ധി പാഴാക്കാറില്ല. എന്നാല്‍, ഇത്തവണത്തെ പൊതു ബജറ്റ് അവതരണ വേളയില്‍ രാഹുല്‍ ലോക്സഭയില്‍ ഉണ്ടായിരുന്നില്ല. കാലിന്റെ അസ്ഥിക്ക് ചെറിയൊരു പൊട്ടല്‍ ഉണ്ടായതു കാരണമാണത്രേ കോണ്‍ഗ്രസ് യുവനേതാവ് ബജറ്റ് പ്രസംഗത്തില്‍ നിന്ന് വിട്ടുനിന്നത്.

കാല് വയ്യാതിരുന്നിട്ടു കൂടി രാഹുല്‍ റയി‌ല്‍‌വെ ബജറ്റ് അവതരണ സമയത്ത് സഭയില്‍ എത്തിയിരുന്നു. എന്നാല്‍, ഏന്തിവലിഞ്ഞുള്ള നടപ്പ് കാലിന് നല്ല പരുക്കുണ്ടെന്ന് വെളിവാക്കുന്നുണ്ടായിരുന്നു. കാലുവേദന അധികരിച്ചതിനെ തുടര്‍ന്ന് നടത്തിയ ഒരു എക്സ്-റേ പരിശോധനയിലാണ് വലത് കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട് എന്ന് വ്യക്തമായത്. രാഹുലിന് ഇപ്പോള്‍ പരിപൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍‌മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് വ്യായാമം ചെയ്യുമ്പോഴാണ് രാഹുലിന്റെ കാലിന് പരുക്ക് പറ്റിയതെന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം‍. എന്നാല്‍, വിവാദമായ തെന്നിന്ത്യന്‍ ടൂറിലാണ് പരുക്ക് പറ്റിയതെന്നാണ് സൂചന. രാഹുല്‍ “റൌള്‍” എന്ന കള്ളപ്പേരില്‍ കേരളത്തിലെത്തിയത് ഇടതുപക്ഷം വിമര്‍ശിച്ചിരുന്നു.

ഫെബ്രുവരി 16 ന് രാഹുല്‍ ഗാന്ധി വ്യാജപ്പേരില്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയെന്നും അവിടെ നിന്ന് കൂട്ടുകാരുമൊത്ത് കുടകിലേക്ക് പോയി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ളവരായിരുന്നത്രേ സുഹൃദ്സംഘത്തില്‍ ഉണ്ടായിരുന്നത്. മലകയറ്റവും ജിമ്മില്‍ പോക്കുമായി നാല് ദിവസം അടിച്ചുപൊളിക്കുന്നതിനിടെ രാഹുലിന്റെ കാലിന് പരുക്ക് പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു വിദേശ വിനോദ സഞ്ചാരിയെ പോലെ വേഷം ധരിച്ചെത്തിയ രാഹുലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് പോലും അദ്ദേഹമാരെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല എന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :